
മെഗാസ്റ്റാർ മമ്മൂട്ടി കുടുംബസമേതം സ്വകാര്യ സന്ദർശനത്തിനായി വിദേശത്തേക്ക് തിരിച്ചു. ഒരാഴ്ചത്തെ വിദേശവാസത്തിന് ശേഷം, ജൂൺ 13-ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുള്ള പ്രശസ്തമായ '02 അപ്പോളോ' തിയേറ്ററിൽ നടക്കുന്ന അഞ്ചാമത് ആനന്ദ് ടിവി ഫിലിം അവാർഡ് ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. ഈ അവാർഡ് നിശയിൽ പങ്കെടുക്കുക എന്നത് കൂടിയാണ് മെഗാസ്റ്റാറിന്റെ ഈ വിദേശയാത്രയുടെ പ്രധാന ലക്ഷ്യം.
മലയാള സിനിമയിലെ വൻ താരനിരയാണ് മമ്മൂട്ടിക്കൊപ്പം ഈ ചടങ്ങിൽ അണിനിരക്കുന്നത്. മനോജ് കെ. ജയൻ, ഭാവന, സുരാജ് വെഞ്ഞാറമൂട്, ഉണ്ണി മുകുന്ദൻ, അനശ്വര രാജൻ, നിഖില വിമൽ, ടിനി ടോം, കൈലാഷ്, രമേഷ് പിഷാരടി, റിയ ഷിബു തുടങ്ങിയവർക്കൊപ്പം പ്രമുഖ ഗായകരായ എം.ജി. ശ്രീകുമാറും സിതാര കൃഷ്ണകുമാറും ചടങ്ങിന് മാറ്റുകൂട്ടാൻ മാഞ്ചസ്റ്ററിലെത്തും.
വരാനിരിക്കുന്ന വമ്പൻ പ്രോജക്റ്റുകൾ
ജൂൺ 15-ഓടെ കൊച്ചിയിൽ മടങ്ങിയെത്തുന്ന മമ്മൂട്ടി, ജൂൺ 18-ന് നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ധനുഷ് ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്യും. ഈ ഷെഡ്യൂളോടെ ചിത്രത്തിലെ മമ്മൂട്ടിയുടെ ഭാഗങ്ങൾ പൂർത്തിയാകും. തുടർന്ന് ജൂലൈയിൽ നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അദ്ദേഹം അഭിനയിക്കുക. ഈ സിനിമയ്ക്കായി 100 ദിവസത്തെ വമ്പൻ ഡേറ്റാണ് മെഗാസ്റ്റാർ നൽകിയിരിക്കുന്നത്.
'മട്ടാഞ്ചേരി മാഫിയ'യുമായി ഖാലിദ് റഹ്മാൻ
നിതീഷ് സഹദേവ് ചിത്രത്തിന് ശേഷം ആരാധകർ ഏറെ കാത്തിരിക്കുന്ന ഖാലിദ് റഹ്മാൻ പ്രോജക്റ്റിലേക്കാണ് മമ്മൂട്ടി കടക്കുന്നത്. 'മട്ടാഞ്ചേരി മാഫിയ' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു പക്കാ ഗ്യാങ്‌സ്റ്റർ കോമഡി ആക്ഷൻ എന്റർടെയ്‌നറാണ്. 'ഉണ്ട' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. യുവതാരങ്ങളായ ആസിഫ് അലിയും നസ്ലിനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
അണിയറപ്രവർത്തകർ:
തിരക്കഥ: നിയോഗ് കൃഷ്ണ, ഷരഫു, സുഹാസ്, തസ്‌റീഖ് അബ്ദുൾ സലാം
നിർമ്മാണം: പ്ലാൻ ബി മോഷൻ പിക്ചേഴ്സ് (ഖാലിദ് റഹ്മാൻ), യൂണിവേഴ്സൽ സിനിമാസ് (ബി. രാകേഷ്)
സംഗീതം: റെക്സ് വിജയൻ (ഗാനങ്ങൾ), സുഷിൻ ശ്യാം (പശ്ചാത്തല സംഗീതം)
ഛായാഗ്രഹണം: ജിംഷി ഖാലിദ്
എഡിറ്റിംഗ്: നൗഫൽ അബ്ദുല്ല
മേക്കപ്പ്: റോണക്സ് സേവ്യർ
ശബ്ദലേഖനം: വിഷ്ണു ഗോവിന്ദ്










