03:10pm 18 April 2026
NEWS
മമ്മൂട്ടി റഫീഖിനെ ഫോണിൽ വിളിച്ചു; അപമാനിക്കാൻ ഉദ്ദേശിച്ചല്ലെന്ന് വിശദീകരണം
08/03/2026  03:43 PM IST
nila
മമ്മൂട്ടി റഫീഖിനെ ഫോണിൽ വിളിച്ചു; അപമാനിക്കാൻ ഉദ്ദേശിച്ചല്ലെന്ന് വിശദീകരണം

മമ്മൂട്ടിയുടെ വയനാട് ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ വിശദീകരണവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. ടൗൺഷിപ്പ് സന്ദർശനത്തിനിടെ മമ്മൂട്ടി തന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു കൺസേൺ വ്യക്തിപരമായി അപമാനിക്കുന്ന നിലയിൽ ചില മാധ്യമങ്ങളും വലത് സൈബർ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം ഈ നിലയിൽ വഷളാക്കിയത് എന്നാണ് റഫീഖ് വ്യക്തമാക്കുന്നത്. മമ്മൂട്ടി തന്നെ രണ്ട് തവണ ഫോൺ ചെയ്തതായും പിന്നീട് വീഡിയോ കോളിലൂടെയും സംസാരിച്ചതായും റഫീഖ് സ്ഥിരീകരിച്ചു.

ടൗൺഷിപ്പിലെ സന്ദർശനത്തിനിടെ റഫീഖിനോട് മാറി നിൽക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അതുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടി റഫീഖിനോട് വിശദീകരണം നൽകിയത്. അപമാനിക്കാനോ അവഹേളിക്കാനോ ഉദ്ദേശിച്ചല്ല ആ രീതിയിൽ സംസാരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വകാര്യമായി പറഞ്ഞ ഒരു കാര്യമാണ് പിന്നീട് വലിയ വിവാദമായി മാറിയതെന്ന് മമ്മൂട്ടി റഫീഖിനോട് പറഞ്ഞതായും വിവരം. സ്വകാര്യ സന്ദർശനത്തിനായിട്ടാണ് താൻ ടൗൺഷിപ്പിൽ എത്തിയതെന്നും, എല്ലായിടത്തും റഫീഖ് കൂടെയുണ്ടെങ്കിൽ താൻ അദ്ദേഹത്തിനായി വന്നതാണെന്ന് ആളുകൾ തെറ്റിദ്ധരിക്കാമെന്ന ആശങ്കയാണ് പറഞ്ഞതെന്നും മമ്മൂട്ടി വിശദീകരിച്ചു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് മമ്മൂട്ടിക്കെതിരെ വലിയ തോതിൽ സൈബർ ആക്രമണമാണ് ഉണ്ടായത്. പ്രത്യേകിച്ച് ചില സിപിഎം അനുകൂല പ്രൊഫൈലുകളിൽ നിന്നാണ് വിമർശനം ശക്തമായത്. എന്നാൽ ഈ വിഷയത്തിൽ പാർട്ടി നേതാക്കൾ ആരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മലയാളത്തിന്റെ മഹാനടൻ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പിൽ എത്തിയത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണെന്ന് റഫീഖ് ഫെയ്സ്ബുക്കിൽ കുറിച്ചു. 

‘‘അദ്ദേഹം അവിടെ എത്തുമ്പോൾ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവർത്തകൻ എന്ന നിലയിലാണ് തിരക്കും ബഹളവും പ്രിയപ്പെട്ട മമ്മൂട്ടിക്ക് അലോസരമാകരുതെന്ന നിലയിൽ ജാ​ഗ്രതയോടെ ആ സമയം അവിടെ ഇടപെട്ടത്. ഇത്തരം ഇടപെടലുകൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന കൺസേൺ ആണ് മമ്മൂട്ടി എന്നോട് പങ്കുവച്ചത്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ടൗൺഷിപ്പിൽ വരുന്നവരെ നമ്മൾ അവിടെ ഉണ്ടെങ്കിൽ സ്വീകരിക്കുന്നത് എപ്പോഴും നമ്മുടെയെല്ലാം രീതിയാണ്. എന്നാൽ അത് മറ്റൊരു നിലയിൽ വായിക്കപ്പെട്ടേക്കാം  എന്നതാണ് അദ്ദേഹം സൂചിപ്പിച്ചതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇന്ന് മമ്മൂട്ടി എന്നെ നേരിൽ വിളിക്കുകയും ഈ കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ടൗൺഷിപ്പ് സന്ദർശനത്തിനിടെ മമ്മൂട്ടി എന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു കൺസേൺ വ്യക്തിപരമായി അപമാനിക്കുന്ന നിലയിൽ എനിക്കെതിരായി ചില മാധ്യമങ്ങളും വലത് സൈബർ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം ഈ നിലയിൽ വഷളാക്കിയത് എന്നാണ് മനസ്സിലാക്കുന്നത്. ഈ വിഷയത്തിൽ വൈകാരികമായി മുറിപ്പെട്ട് പ്രതികരിച്ചവരുടെയെല്ലാം ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. എന്നാൽ ഒരു സർക്കാരിന്റെ ഇച്ഛാശക്തിയിലും മാനവികതയിലും സഹജീവി സ്നേഹത്തിലും പുടുത്തുയർത്ത, ലോകത്തിനു മുഴുവൻ മാതൃകയാക്കാവുന്ന ഒരു ഇടപെടലിന്റെ തിളക്കം കുറയ്ക്കുന്ന നിലയിൽ ഈ വിവാദങ്ങൾ വളരരുത് എന്നാണ് എല്ലാവരോടും സ്നേഹത്തോടെ അഭ്യർഥിക്കാനുള്ളത്. 

മലയാളിയുടെ പ്രിയപ്പെട്ട നടനായി എല്ലാക്കാലവും നമ്മളെല്ലാം ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന മമ്മൂട്ടി നമ്മുടെ ടൗൺഷിപ്പിലെത്തിയത് വളരെ പോസിറ്റീവായി മാത്രം ചർച്ച ചെയ്യപ്പെടട്ടെ. എല്ലാവരും വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മമ്മൂട്ടി മഹാനായ മലയാളിയാണ്. അദ്ദേഹം മനപൂർവ്വം എന്നെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് നേരിൽ തന്നെ എന്നോട് വ്യക്തമാക്കിയിട്ടുണ്ട്. ആ വലുപ്പത്തിൽ എല്ലാവരും ഈ വിഷയം കാണണമെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ വാദപ്രതിവാദങ്ങളും അവസാനിപ്പിക്കണമെന്നുമാണ് എല്ലാവരോടും അഭ്യർഥിക്കാനുള്ളത്. ദുരന്തം ജീവിതം താറുമാറാക്കിയ നമ്മുടെ പ്രിയപ്പെട്ടവരുടെ പുഞ്ചിരിയാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞാൽ പരിഭവങ്ങളും തർക്കങ്ങളും മാറ്റിവച്ച് നമുക്ക് ചേർന്ന് നിൽക്കാൻ എന്താണ് തടസ്സം’’ – റഫീഖ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img