01:33pm 06 May 2026
NEWS
മുഖ്യമന്ത്രി പദവി രാജിവെക്കില്ലെന്ന് മമത ബാനർജി
05/05/2026  05:49 PM IST
nila
മുഖ്യമന്ത്രി പദവി രാജിവെക്കില്ലെന്ന് മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാൾ  മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന് മമത ബാനർജി. തിരഞ്ഞെടുപ്പ് ഫലം യഥാർത്ഥ ജനവിധിയല്ലെന്നും, മറിച്ച് ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് നടത്തിയ ക്രമക്കേടുകളുടെ ഫലമാണെന്നും അവർ ആരോപിച്ചു. കൊൽക്കത്തയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പദവി രാജിവെക്കില്ലെന്ന് മമത ബാനർജി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാൽ നിലവിലെ മുഖ്യമന്ത്രി രാജിവെക്കുകയും പുതിയ സർക്കാർ അധികാരമേൽക്കുംവരെ കാവൽ മുഖ്യമന്ത്രിയായി തുടരുകയും ചെയ്യുക എന്നതാണ് നടപടിക്രമം. എന്നാൽ, അതിന് തയ്യാറല്ലെന്ന് മമത ബാനർജി പ്രഖ്യാപിച്ചു. 

“ഞങ്ങൾ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല. ഇത് ബലപ്രയോഗത്തിലൂടെ ഉണ്ടാക്കിയ ഫലമാണ്. ഞാൻ വ്യക്തിപരമായി തോറ്റിരുന്നെങ്കിൽ രാജിവെക്കുമായിരുന്നു. എന്നാൽ സമ്മർദ്ദം ചെലുത്തി എന്നെ സ്ഥാനമൊഴിയിക്കാമെന്ന് ആരും കരുതേണ്ട” - മമത വ്യക്തമാക്കി. ധാർമിക വിജയം തൃണമൂൽ കോൺഗ്രസിനൊപ്പമാണെന്നും അവർ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും കേന്ദ്രസർക്കാരിനെതിരെയും രൂക്ഷ വിമർശനമാണ് മമത ഉയർത്തിയത്. തന്റെ യഥാർത്ഥ എതിരാളി ബിജെപിയല്ല, തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നായിരുന്നു അവരുടേതായ വിമർശനം. കമ്മീഷൻ “വൃത്തികെട്ട കളി” കളിച്ചുവെന്നും ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചുവെന്നും അവർ ആരോപിച്ചു.

വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 90 ലക്ഷം പേരുടെ പേര് നീക്കം ചെയ്തുവെന്നും, കോടതിയെ സമീപിച്ചതിന് ശേഷമാണ് അതിൽ 32 ലക്ഷം പേരെ തിരികെ ഉൾപ്പെടുത്തിയതെന്നും മമത പറഞ്ഞു. കൂടാതെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ മാറ്റി ബിജെപിക്ക് അനുകൂലരായവരെ നിയമിച്ചതും പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഇടപെടലുമാണ് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതെന്നും അവർ ആരോപിച്ചു.

മഹാരാഷ്ട്ര, ഹരിയാണ, ബിഹാർ സംസ്ഥാനങ്ങളിൽ നടന്നതുപോലെ തന്നെ ബംഗാളിലും കേന്ദ്ര സർക്കാർ നേരിട്ട് ഇടപെട്ടുവെന്നാണ് മമതയുടെ ആരോപണം. ഏകദേശം 100 സീറ്റുകൾ ബലമായി തട്ടിയെടുത്തുവെന്നും, തിരഞ്ഞെടുപ്പ് എന്നതിലുപരി കേന്ദ്ര ഏജൻസികളും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്നുള്ള നീക്കമാണ് നടന്നതെന്നും അവർ പറഞ്ഞു.

തന്റെ രാഷ്ട്രീയജീവിതത്തിൽ ഇത്ര മോശമായ ഒരു തിരഞ്ഞെടുപ്പ് കണ്ടിട്ടില്ലെന്നും മമത പ്രതികരിച്ചു. വോട്ടെടുപ്പിനിടെ ഒരു പോളിംഗ് സ്റ്റേഷനിൽ താൻ ആക്രമിക്കപ്പെട്ടുവെന്നും വയറിനും പിന്നാമ്പുറത്തിനും മർദ്ദനമേറ്റുവെന്നും അവർ വെളിപ്പെടുത്തി. സംഭവം നടക്കുമ്പോൾ സിസിടിവി പ്രവർത്തിച്ചിരുന്നില്ലെന്നും കൗണ്ടിംഗ് കേന്ദ്രത്തിൽ നിന്ന് തന്നെ പുറത്തേക്ക് തള്ളിയതായും മമത ആരോപിച്ചു.

ഇവിഎമ്മുകളെ കുറിച്ചും സംശയം ഉന്നയിച്ച മമത, വോട്ടെടുപ്പ് പൂർത്തിയായ ശേഷവും യന്ത്രങ്ങളിൽ 80 മുതൽ 90 ശതമാനം വരെ ചാർജ് ശേഷിക്കുന്നതെങ്ങനെ എന്ന ചോദ്യവും ഉയർത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img