
ഈ വർഷത്തെ ധന്തേരസ് ജ്യോതിഷപരമായ പ്രത്യേകതകൾകൊണ്ട് ശ്രദ്ധേയമാകുന്നു. നിരവധി ശുഭഗ്രഹനിലകൾ ഒരുമിച്ചെത്തുന്ന ഈ ദിവസം മാളവ്യ രാജയോഗം ഉൾപ്പെടെ നാല് ശുഭയോഗങ്ങളാണ് രൂപപ്പെടുന്നതെന്നാണ് ജ്യോതിഷികളുടെ വിലയിരുത്തൽ. ശുക്ര പ്രദോഷ യോഗം, വിഷ്കുംഭ യോഗം, ഹസ്ത നക്ഷത്രം എന്നിവയും ഈ ദിവസത്തിന്റെ പ്രത്യേകതകളാണ്. പഞ്ചമഹാപുരുഷ യോഗങ്ങളിൽ ഒന്നായ മാളവ്യ രാജയോഗത്തിന് സമ്പത്ത്, ഐശ്വര്യം, ജീവിതസൗകര്യങ്ങൾ എന്നിവയുമായി ബന്ധമുണ്ടെന്നാണ് ജ്യോതിഷ വിശ്വാസം.
ശുക്രൻ സ്വന്തം രാശികളായ ഇടവം, തുലാം എന്നിവയിലോ ഉച്ചരാശിയായ മീനത്തിലോ സ്ഥിതി ചെയ്യുകയും ജാതകത്തിലെ കേന്ദ്രഭാവങ്ങളായ ഒന്ന്, നാല്, ഏഴ്, പത്ത് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ എത്തുകയും ചെയ്യുമ്പോഴാണ് മാളവ്യ രാജയോഗം രൂപപ്പെടുന്നത്. സമ്പത്ത്, പ്രണയം, കല, ആഡംബരം, ഭൗതിക സുഖങ്ങൾ എന്നിവയുടെ കാരകനായാണ് ശുക്രനെ ജ്യോതിഷം കണക്കാക്കുന്നത്. അതിനാൽ ഈ യോഗം സാമ്പത്തിക അഭിവൃദ്ധിക്കും ജീവിതത്തിൽ മികച്ച അവസരങ്ങൾ ലഭിക്കുന്നതിനും വഴിയൊരുക്കുമെന്നാണ് വിശ്വാസം.
12 രാശികളിലും ഈ ഗ്രഹനിലയുടെ സ്വാധീനമുണ്ടാകുമെങ്കിലും മിഥുനം, ചിങ്ങം, മകരം, മീനം എന്നീ രാശിക്കാർക്ക് ഈ കാലയളവ് കൂടുതൽ അനുകൂലമായേക്കുമെന്നാണ് ജ്യോതിഷ പ്രവചനം. ഈ നാല് രാശിക്കാർക്ക് പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
മിഥുനം:
മിഥുനം രാശിക്കാർക്ക് മാളവ്യ രാജയോഗം അനുകൂല ഫലങ്ങൾ നൽകുമെന്നാണ് പ്രവചനം. ഏറെക്കാലമായി തടസ്സപ്പെട്ടുകിടക്കുന്ന ഗൃഹനിർമാണം പൂർത്തിയാക്കാൻ സാധിച്ചേക്കും. പുതിയ വീട്ടിലേക്ക് താമസം മാറാനുള്ള സാഹചര്യവും ഒരുങ്ങാം. സാമ്പത്തികമായി നിലനിന്നിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാകാനും സാധ്യതയുണ്ട്. ജോലിയിൽ നടത്തുന്ന ആത്മാർഥമായ പരിശ്രമങ്ങൾക്ക് അംഗീകാരവും അർഹമായ പ്രതിഫലവും ലഭിച്ചേക്കും.
ചിങ്ങം:
ചിങ്ങം രാശിക്കാർക്ക് തൊഴിൽരംഗത്ത് നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന സമയമാണിത്. സ്ഥാനക്കയറ്റം, ശമ്പളവർധന, ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങൾക്ക് അനുകൂല സാഹചര്യമുണ്ടായേക്കാം. ബിസിനസ് രംഗത്തുള്ളവർക്ക് പുതിയ പങ്കാളികളെ കണ്ടെത്താനും സംരംഭങ്ങൾ വിപുലീകരിക്കാനും അവസരങ്ങൾ ലഭിക്കാം. കുടുംബജീവിതത്തിലും സന്തോഷവും സമാധാനവും നിലനിൽക്കുമെന്നാണ് ജ്യോതിഷ സൂചന.
മകരം:
മകരം രാശിക്കാർക്ക് സാമ്പത്തികമായി ആശ്വാസം നൽകുന്ന മാറ്റങ്ങൾ ഈ കാലയളവിലുണ്ടാകാം. വിലപിടിപ്പുള്ള സമ്മാനങ്ങളോ സ്വർണാഭരണങ്ങളോ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു. വിവാഹത്തിനായി കാത്തിരിക്കുന്നവർക്ക് അനുയോജ്യമായ ആലോചനകൾ വന്നേക്കാം. പ്രണയബന്ധത്തിലുള്ളവർക്ക് വീട്ടുകാരുടെ പിന്തുണയോടെ വിവാഹകാര്യങ്ങളിൽ തീരുമാനമെടുക്കാനും ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാനും സാധിച്ചേക്കും.
മീനം:
മീനം രാശിക്കാർക്ക് തൊഴിൽപരമായ മാറ്റങ്ങൾക്ക് അനുകൂലമായ സമയമായിരിക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്കും നിലവിലെ ജോലി മാറാൻ ആഗ്രഹിക്കുന്നവർക്കും മികച്ച അവസരങ്ങൾ ലഭിച്ചേക്കാം. കുടുംബാംഗങ്ങളുടെ പിന്തുണ പല കാര്യങ്ങളിലും ആത്മവിശ്വാസം നൽകും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കാനും പ്രണയബന്ധങ്ങളിൽ കൂടുതൽ അടുപ്പവും സ്നേഹവും ഉണ്ടാകാനും സാധ്യതയുണ്ട്.










