
വിദേശമണ്ണിൽ ജോലിക്കെത്തി സേവനമികവുകൊണ്ട് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ കുടുംബത്തിന്റെ വിശ്വാസം നേടിയിരിക്കുകയാണ് മലയാളി നഴ്സ് ഗീതു ലൂയിസ്. മാൾട്ട പ്രധാനമന്ത്രി റോബർട്ട് അബേല തന്റെ ബജറ്റ് പ്രസംഗത്തിൽ ഗീതുവിന്റെ പേര് പ്രത്യേകം പരാമർശിച്ച് നന്ദി അറിയിച്ചതോടെയാണ് ചാലക്കുടി മേലൂർ സ്വദേശിനിയുടെ സേവനങ്ങൾ രാജ്യാന്തര ശ്രദ്ധ നേടിയത്.
'എന്റെ അച്ഛനും അമ്മയ്ക്കും അസുഖം വന്നപ്പോഴും മകൾക്ക് പരിചരണം ആവശ്യമായി വന്നപ്പോഴും ഞങ്ങളെ സഹായിച്ചത് ഒരു വിദേശ നഴ്സായിരുന്നു. അവരുടെ പേര് ഗീതു. നിങ്ങളുടെ സേവനങ്ങൾക്ക് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. നന്ദി ഗീതു' – പാർലമെന്റിലെ പ്രസംഗത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു.
ചാലക്കുടി മേലൂർ പയ്യപ്പിള്ളി വീട്ടിൽ ഗീതു ലൂയിസ് (35) 2018ലാണ് മാൾട്ടയിലെത്തിയത്. നാട്ടിൽ ഓപ്പറേഷൻ തിയറ്റർ നഴ്സായി ജോലി ചെയ്തിരുന്ന ഗീതുവിന് യൂറോപ്യൻ രാജ്യത്തെ ആരോഗ്യരംഗത്ത് അധികം വൈകാതെ നിർണായക ഉത്തരവാദിത്തങ്ങൾ ലഭിച്ചു.
കോവിഡ് മഹാമാരിയുടെ കാലത്താണ് ഗീതുവിന്റെ പ്രവർത്തനമികവ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനുള്ള ചുമതല ഏറ്റെടുക്കാൻ അധികൃതർ ആരോഗ്യപ്രവർത്തകരെ സമീപിച്ചപ്പോൾ പലരും പിന്മാറി. എന്നാൽ വെല്ലുവിളി ഏറ്റെടുക്കാൻ ഗീതു തയ്യാറായി. പിന്നീട് പരിശോധനാ പ്രവർത്തനങ്ങളുടെ പൂർണ ഉത്തരവാദിത്തം തന്നെ ഗീതുവിനെ ഏൽപിച്ചു. 32 ആശുപത്രികളിലായി മുന്നൂറോളം ജീവനക്കാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതലയും ലഭിച്ചു.
ആരോഗ്യരംഗത്തെ ഈ സേവനങ്ങളിലൂടെ സർക്കാർതലത്തിൽ വലിയ അംഗീകാരവും സ്വീകാര്യതയും ഗീതു നേടി. ഇതിനിടെയാണ് മാൾട്ട മുൻ പ്രസിഡന്റും പ്രധാനമന്ത്രി റോബർട്ട് അബേലയുടെ പിതാവുമായ ജോർജ് അബേലയ്ക്ക് അപകടത്തിൽ പരുക്കേറ്റത്. അദ്ദേഹത്തിന്റെ പരിചരണത്തിനായി ഔദ്യോഗിക വസതിയിലേക്ക് ഗീതുവിനെ വിളിച്ചുവരുത്തി. പിന്നീട് ഒരു വർഷത്തോളം അബേല കുടുംബത്തോടൊപ്പം ഗീതു ചെലവഴിച്ചു.
പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും മകൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോഴും പരിചരണത്തിനായി കുടുംബം ആശ്രയിച്ചത് ഗീതുവിനെയായിരുന്നു. ഔദ്യോഗിക ചുമതലയ്ക്കപ്പുറം കുടുംബത്തിലെ ഒരംഗത്തെപ്പോലെ ഗീതു അവർക്കൊപ്പം നിന്നു.
മാൾട്ടയുടെ സാമ്പത്തിക വളർച്ചയിലും സാമൂഹിക പുരോഗതിയിലും വിദേശരാജ്യങ്ങളിൽനിന്നെത്തി ജോലി ചെയ്യുന്നവരുടെ പങ്ക് എടുത്തുപറയുന്നതിനിടെയാണ് പ്രധാനമന്ത്രി ഗീതുവിന്റെ അനുഭവം പാർലമെന്റിൽ പങ്കുവച്ചത്. വിദേശ തൊഴിലാളികളുടെ സേവനവും സംഭാവനയും എത്രത്തോളം വിലപ്പെട്ടതാണെന്ന് വ്യക്തമാക്കാൻ ഗീതുവിന്റെ ഉദാഹരണം തന്നെ അദ്ദേഹം തിരഞ്ഞെടുത്തു.
മകൾ ടിയാനയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പം മാൾട്ടയിലാണ് ഗീതുവിന്റെ താമസം. വിദേശരാജ്യത്ത് സ്വന്തം തൊഴിൽമികവുകൊണ്ട് നേടിയ അംഗീകാരത്തിനൊപ്പം ഒരു പ്രധാനമന്ത്രിയുടെ പരസ്യമായ നന്ദിയും ഗീതുവിന്റെ സേവനങ്ങൾക്ക് ലഭിച്ച വലിയ ആദരവായി മാറുകയാണ്.










