
ദോഹ: ഖത്തറിലെ കഠിനമായ വേനൽച്ചൂടിനെ പ്രതിരോധിക്കാൻ പുതിയ വഴികൾ തേടുകയാണ് രാജ്യത്തെ കായികപ്രേമികൾ. കടുത്ത ചൂടും ഈർപ്പവും കാരണം പുറത്തുനിന്നുള്ള വ്യായാമം ഒഴിവാക്കാൻ പൊതുജനാരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയ പശ്ചാത്തലത്തിൽ, രാവിലെ കടകൾ തുറക്കുന്നതിന് മുൻപ് തന്നെ ആളുകൾ മാളുകളെ ഫിറ്റ്‌നസ് കേന്ദ്രങ്ങളാക്കി മാറ്റുകയാണ്.
ദോഹ ഫെസ്റ്റിവൽ സിറ്റി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജോർജ്ജ് കോട്ടയുടെ നേതൃത്വത്തിലുള്ള സോഷ്യൽ റണ്ണിംഗ് ക്ലബ്ബ് ഇതിനൊരു മികച്ച ഉദാഹരണമാണ്. സാധാരണയായി വേനൽക്കാലത്ത് റണ്ണിംഗ് ഗ്രൂപ്പുകൾ പ്രവർത്തനം നിർത്താറാണ് പതിവ് എന്നാൽ ഇത്തവണ അവർ മാളിന്റെ സുരക്ഷിതവും ശീതീകരിച്ചതുമായ ഇടനാഴികളിലൂടെ തങ്ങളുടെ പതിവ് ഓട്ടവും നടത്തവും തുടരുകയാണ്. എയർകണ്ടീഷൻ ചെയ്ത പാർക്കുകൾ പരിഗണിച്ചെങ്കിലും സമയക്രമത്തിലെ പരിമിതികൾ കാരണമാണ് മാളുകൾ തിരഞ്ഞെടുത്തതെന്ന് കോട്ട വ്യക്തമാക്കി.
വ്യായാമത്തോടൊപ്പം തന്നെ ആളുകൾ പരസ്പരം കണ്ടുമുട്ടാനും സൗഹൃദം പങ്കിടാനുമുള്ള ഒരു വേദിയായും മാളുകൾ മാറിയിട്ടുണ്ട്. സെഷനുകൾക്ക് ശേഷം കഫേകളിൽ ഒത്തുകൂടുന്നത് ഇതിന്റെ ഭാഗമാണ്.
പുറത്തെ ചൂടിൽ വ്യായാമം ചെയ്യുന്നത് കടുത്ത വെല്ലുവിളിയാണെന്നും എന്നാൽ മാളുകൾക്കുള്ളിൽ വെയിൽ ഏൽക്കുമെന്ന ഭയമില്ലാതെ കൃത്യമായ ഫോക്കസോടെ വ്യായാമം ചെയ്യാൻ സാധിക്കുന്നുണ്ടെന്നും സ്ഥിരം പങ്കാളിയായ സാറ ഷഹീർ ഖാൻ പറയുന്നു. വ്യായാമത്തിന് ശേഷം ഷോപ്പിംഗിനും ഭക്ഷണത്തിനുമുള്ള അവസരം കൂടിയുള്ളത് ഇതിന്റെ ആകർഷണം വർദ്ധിപ്പിക്കുന്നു. യാത്രാസമയവും ജോലിത്തിരക്കും കാരണം ദിവസേന ഇത് സാധ്യമായില്ലെങ്കിലും, വേനൽക്കാലത്ത് സജീവമായിരിക്കാൻ പറ്റിയ മികച്ചൊരു ബദൽ മാർഗ്ഗമാണ് ഇൻഡോർ ഫിറ്റ്‌നസ് സെഷനുകളെന്ന് താമസക്കാർ സാക്ഷ്യപ്പെടുത്തുന്നു.











