08:33pm 24 June 2026
NEWS
മുഖ്യമന്ത്രിപദത്തിലേക്ക് മല്ലികാർജ്ജുന ഖാർഗെയോ? കർണാടകത്തിലെ കോൺഗ്രസ്സിൽ ഉരുതിരിയുന്നത് പുതിയ സമവായം
25/01/2025  11:20 AM IST
വിഷ്ണുമംഗലം കുമാർ
മുഖ്യമന്ത്രിപദത്തിലേക്ക് മല്ലികാർജ്ജുന ഖാർഗെയോ? കർണാടകത്തിലെ കോൺഗ്രസ്സിൽ ഉരുതിരിയുന്നത് പുതിയ സമവായം

മുഖ്യമന്ത്രി സിദ്ധരാമയ്യ ഒന്നാംപ്രതിയായ മുഡ കേസ്സിൽ സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടാലും ഇല്ലെങ്കിലും ആ ഇടപാട് സിദ്ധരാമയ്യയുടെ പ്രതിഛായ വല്ലാതെ കളങ്കപ്പെടുത്തിയിട്ടുണ്ട് എന്നതിൽ സംശയമില്ല. അദ്ദേഹം മുഖ്യമന്ത്രിക്കസേര വിട്ടൊഴിയേണ്ട സാഹചര്യമാണ് സംജാതമായിട്ടുള്ളത്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ആകട്ടെ മുഖ്യമന്ത്രിയാകാനുള്ള തീവ്രമായ മോഹം ഈയിടെയായി പരസ്യമായി തന്നെ പ്രകടിപ്പിച്ചുതുടങ്ങിയിട്ടുമുണ്ട്. എന്നാൽ സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്ന അഹിന്ദ നേതാക്കൾ ഡികെയെ മുഖ്യമന്ത്രിയാകാൻ അനുവദിക്കുകയില്ല. പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയും ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വരയും അതിനായി ഏതറ്റംവരെയും പോകും. അവർക്ക് നല്ലൊരു വിഭാഗം എംഎൽഎമാരുടെ പിന്തുണയുണ്ടുതാനും. സിദ്ധരാമയ്യയാകട്ടെ മുഖ്യമന്ത്രിസ്ഥാനം വിട്ടൊഴിയാൻ മനസ്സുകൊണ്ട് തയ്യാറെടുത്തുകഴിഞ്ഞു. ഹൈക്കമാണ്ട് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സതീഷ് ജാർക്കിഹോളിയെ പോലുള്ള കടുംപിടുത്തക്കാരെ അനുനയിപ്പിക്കാൻ സിദ്ധരാമയ്യയ്ക്ക് സാധിക്കുകയില്ല. കാരണം ഡി കെയ്ക്ക് എതിരായുള്ള സതീഷ് ജാർക്കിഹോളിയുടെ പോരാട്ടം വ്യക്തിപരമാണ്. ഡി കെ ഉപമുഖ്യമന്ത്രി പദവിയോടൊപ്പം പിസിസി അധ്യക്ഷസ്ഥാനവും വഹിക്കുന്നതിൽ അഹിന്ദ നേതാക്കൾക്ക് ശക്തമായ എതിർപ്പുണ്ട്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് സിദ്ധരാമയ്യയെയും പിസിസി അധ്യക്ഷപദവിയിൽ നിന്ന് ഡി കെയെയും മാറ്റാൻ ഹൈക്കമാണ്ട് ഏതാണ്ട് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഡി കെയെ മുഖ്യമന്ത്രിസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ തൽക്കാലം ബുദ്ധിമുട്ടുണ്ട്. അതാണ് ഹൈക്കമാണ്ടിന് തലവേദനയാകുന്നത്. സിദ്ധരാമയ്യ മാറുമ്പോൾ എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ മുഖ്യമന്ത്രിയാകട്ടെയെന്ന് രാഹുൽഗാന്ധി അഭിപ്രായപ്പെട്ടതായറിയുന്നു. കർണാടകത്തിൽ നിന്നുള്ള ഏറ്റവും മുതിർന്ന കോൺഗ്രസ്സ് നേതാവാണ് ഖാർഗെ. ഒമ്പത് തവണ എംഎൽഎ ആയിട്ടുള്ള ഖാർഗെ മുഖ്യമന്ത്രിപദവി ഒഴികെയുള്ള പ്രധാന ചുമതലകളെല്ലാം സംസ്ഥാനത്ത് വഹിച്ചിട്ടുണ്ട്. വ്യത്യസ്ത കാരണങ്ങളാൽ 82 കാരനായ ഈ ദളിത്‌ നേതാവിന് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ അതിനുള്ള സാഹചര്യം ഒത്തുവന്നിരിക്കുകയാണ്. ഖാർഗെയാണ് സിദ്ധരാമയ്യയ്ക്ക് പകരം മുഖ്യമന്ത്രിയാകുന്നതെങ്കിൽ ആരും എതിർക്കുകയില്ല. ഡികെയ്ക്കും അക്കാര്യത്തിൽ വിയോജിപ്പില്ല. വിട്ടുവീഴ്ച്ച ചെയ്യാൻ അദ്ദേഹം തയ്യാറുമാണ്. 2028 ൽ പാർട്ടിയെ നയിച്ച് വിജയത്തിലെത്തിച്ചാൽ മുഖ്യമന്ത്രിസ്ഥാനം നൽകാമെന്ന ഉറപ്പ് അദ്ദേഹത്തിന് ഹൈക്കമാണ്ട് നൽകുന്നുമുണ്ട്. മുഖ്യമന്ത്രിയാകുന്ന കാര്യത്തിൽ ഖാർഗെയുടെ അഭിപ്രായം ഇതുവരെ വ്യക്തമായിട്ടില്ല. ഹൈക്കമാണ്ടും സിദ്ധരാമയ്യയും അഹിന്ദ നേതാക്കളും ഡി കെയും ഒറ്റക്കെട്ടായി പിന്തുണച്ചാൽ അദ്ദേഹം വൈമനസ്യം കാട്ടാനിടയില്ല. സിദ്ധരാമയ്യ മാറേണ്ടിവരുന്ന സാഹചര്യത്തിൽ കർണാടകത്തിലെ  കോൺഗ്രസ്സിന് സ്വീകരിക്കാവുന്ന ഏറ്റവും ഉചിതമായ നടപടി അതാണെന്ന് മിക്ക രാഷ്ട്രീയനിരീക്ഷകരും അഭിപ്രായപ്പെടുന്നു. എഐസി സിയ്ക്ക് മറ്റൊരു അധ്യക്ഷനെയും രാജ്യസഭയിൽ പുതിയ പ്രതിപക്ഷ നേതാവിനെയും കണ്ടെത്തേണ്ടിവരും. സുദീർഘമായ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും തിളക്കമേറിയ പ്രതിഛായയുമായി നിലയുറപ്പിച്ചിരിക്കുന്ന മല്ലികാർജ്ജുന ഖാർഗെ മുഖ്യമന്ത്രിക്കസേരയിലെത്തമോ ഇല്ലയോ എന്ന് വൈകാതെ അറിയാം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img