11:19pm 22 June 2026
NEWS
മുദ്രാവാക്യം വിളിച്ച പ്രവർത്തകരോട് ഖർഗെയുടെ രോഷം; ‘യൂസ്‌ലെസ് ഫെലോസ്’ പരാമർശം വിവാദത്തിൽ
22/06/2026  08:17 AM IST
nila
മുദ്രാവാക്യം വിളിച്ച പ്രവർത്തകരോട് ഖർഗെയുടെ രോഷം; ‘യൂസ്‌ലെസ് ഫെലോസ്’ പരാമർശം വിവാദത്തിൽ

 

ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷനായി ബി.കെ. ഹരിപ്രസാദ് ചുമതലയേറ്റ ചടങ്ങിനിടെ മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ ‘യൂസ്‌ലെസ് ഫെലോസ്’എന്ന് വിളിച്ച് എഐസിസി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർ​ഗെ. തന്റെ പ്രസംഗം ആരംഭിക്കുന്നതിനിടയിൽ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന് അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നതോടെയാണ് ഖർഗെ അസ്വസ്ഥനായത്. കോൺ​ഗ്രസ് പ്രവർത്തകരെ പൊതുവേദിയിൽ വെച്ച് ഒന്നിനും കൊള്ളാത്തവർ എന്ന് പാർട്ടി അധ്യക്ഷൻ തന്നെ വിളിച്ച സംഭവം വിവാദമാകുകയാണ്. 

മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ നോക്കി “വിളിച്ചുകഴിഞ്ഞോ? ഇങ്ങനെ കൂവിയാൽ രാജ്യം മുഴുവൻ കേൾക്കുമോ?” എന്ന് ചോദിച്ച ഖർഗെ, തുടർന്ന് അവരെ “യൂസ്‌ലെസ് ഫെലോസ്” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. പ്രവർത്തകരെ ശാന്തരാക്കാൻ ഡി.കെ. ശിവകുമാറും വേദിയിൽ നിന്ന് ശ്രമിച്ചിരുന്നു.

ചടങ്ങിൽ ദേശീയ രാഷ്ട്രീയ വിഷയങ്ങളും ഖർഗെ വിമർശനവിധേയമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പരസ്പരം നല്ല സുഹൃത്തുക്കളാണെന്ന് പറയുമ്പോഴും, തങ്ങളുടെ അധികാര മേഖലകളിൽ നാശം വിതയ്ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “മോദി ഇന്ത്യയെയും ട്രംപ് ലോകത്തെയാകെയും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്” എന്നായിരുന്നു ഖർഗെയുടെ പരാമർശം.

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട ഫണ്ടുകളിലും ഖർഗെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ക്ഷേത്ര ട്രസ്റ്റിന്റെ പേരിൽ ആയിരക്കണക്കിന് കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും, മതത്തിന്റെയും ശ്രീരാമന്റെയും പേരിൽ നടന്ന കൊള്ളയാണിതെന്നും അദ്ദേഹം ആരോപിച്ചു. ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും ഖർഗെ ആവശ്യപ്പെട്ടു.

രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി മോദി നേരിട്ട് പങ്കെടുത്തതും ഖർഗെ വിമർശിച്ചു. സാധാരണയായി ക്ഷേത്രങ്ങൾ ഉദ്ഘാടനം ചെയ്യുന്നത് ആത്മീയ നേതാക്കളും മഠാധിപതികളുമാണെന്നും, എന്നാൽ അയോധ്യയിലെ ചടങ്ങിൽ അത് വ്യത്യസ്തമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img