03:19pm 13 August 2026
NEWS
കോൺ​ഗ്രസ് അധ്യക്ഷൻ പ്രസംഗിച്ച വേദിയിൽ ‘ശുദ്ധികലശം’ നടത്തി; രാജ്യത്ത് ദളിതർക്ക് ഇടമില്ലെന്ന് ഖാർ​ഗെ
13/08/2026  02:25 PM IST
nila
കോൺ​ഗ്രസ് അധ്യക്ഷൻ പ്രസംഗിച്ച വേദിയിൽ ‘ശുദ്ധികലശം’ നടത്തി; രാജ്യത്ത് ദളിതർക്ക് ഇടമില്ലെന്ന് ഖാർ​ഗെ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത റാലിക്ക് പിന്നാലെ വേദിയിൽ ‘ശുദ്ധികലശം’ നടത്തിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന സംഭവത്തെ രാജ്യത്ത് ദളിതർ നേരിടുന്ന വിവേചനത്തിന്റെ ഉദാഹരണമെന്നു ഖാർഗെ വിമർശിച്ചു. മതത്തിന്റെയും ജാതിയുടെയും പേരിൽ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഹൽദ്വാനിയിലെ രാംലീല മൈതാനിയിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന ‘വിജയ് ശംഖനാദ്’ റാലിയിലാണ് ഖാർഗെ പ്രസംഗിച്ചത്. റാലി കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ‘ശ്രീരാം സേന’ എന്ന സംഘടനയുടെ നേതൃത്വത്തിൽ വേദിയിൽ ഹോമം നടത്തി ശുദ്ധീകരണ ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസം രാജ്യസഭയിലാണ് ഖാർഗെ വിഷയം ഉന്നയിച്ചത്. താൻ റാലിയിൽ ഒരു സമുദായത്തെയോ മതത്തെയോ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും സർക്കാരിന്റെ വീഴ്ചകളാണ് ചൂണ്ടിക്കാട്ടിയതെന്നും ഖാർഗെ പറഞ്ഞു.

“ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത റാലിയിലാണ് ഞാൻ സംസാരിച്ചത്. ഒരു മതത്തെയും സമുദായത്തെയും കുറിച്ച് മോശമായി പറഞ്ഞില്ല. എന്നിട്ടും എന്റെ പ്രസംഗത്തിന് ശേഷം വേദി ശുദ്ധീകരിക്കാൻ ഹോമം നടത്തി. ജനാധിപത്യത്തിൽ ഇത്തരം നടപടികൾ അംഗീകരിക്കാനാകുമോ? ഭരണഘടന എങ്ങനെയാണ് സംരക്ഷിക്കുക?” ഖാർഗെ ചോദിച്ചു.

സംഭവം ദൗർഭാഗ്യകരമാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ രാജ്യസഭയിൽ പ്രതികരിച്ചു. എന്നാൽ സംഭവത്തിൽ ബി.ജെ.പിക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും നദ്ദ അറിയിച്ചു.

അതേസമയം, ‘ശ്രീരാം സേന’യ്ക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന കോൺഗ്രസ് ആരോപണം ബി.ജെ.പി നിഷേധിച്ചു. റാലിക്കിടെ മറ്റ് മതങ്ങളുമായി ബന്ധപ്പെട്ട ചില മുദ്രാവാക്യങ്ങൾ ഉയർന്നത് സനാതന വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയതിനാലാണ് ഹോമം നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ഖജാൻ ദാസ് വിശദീകരിച്ചു.

മതപരമായി പ്രാധാന്യമുള്ള സ്ഥലമാണ് രാംലീല മൈതാനമെന്നും അതിനാലാണ് ശുദ്ധീകരണ ചടങ്ങ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ ചൊല്ലി കോൺഗ്രസ്-ബി.ജെ.പി വാക്പോരും ശക്തമായിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img