
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. മോദി ഔദ്യോഗിക പ്രസംഗത്തിന്റെ പരിധി ലംഘിച്ച് രാഷ്ട്രീയ പ്രസംഗമായി മാറിയെന്ന് കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുകൊണ്ട് എതിരാളികളെ ലക്ഷ്യമിട്ട് സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും, ജനാധിപത്യത്തെയും ഭരണഘടനയെയും അപമാനിക്കുന്ന രീതിയിലാണ് മോദിയുടെ പ്രസംഗമെന്നും ഖർഗെ വിമർശിച്ചു. രാജ്യത്തോട് സത്യവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞുവെന്നും, പീഡനക്കേസുകളിൽ പ്രതികളെ സംരക്ഷിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവ് ജയറാം രമേശും പ്രധാനമന്ത്രിയെ വിമർശിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ അത് പാർട്ടി രാഷ്ട്രീയത്തിനുമപ്പുറമുള്ളതായിരിക്കണം എന്നതാണ് പതിവെന്നും, എന്നാൽ അതിന് വിപരീതമായ സമീപനമാണ് മോദി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ നേരിടാൻ തയ്യാറാകാത്തത് ഭീരുത്വമാണെന്നും, ഒരു പത്രസമ്മേളനം നടത്തുകയായിരുന്നു കൂടുതൽ ഉചിതമെന്നും രമേശ് അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ പേരു പറഞ്ഞ് മണ്ഡല പുനർനിർണയം നടപ്പാക്കാൻ ശ്രമിച്ചതിന് മോദിയാണ് മാപ്പ് പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനിതാ സംവരണ ബിൽ പാസാകാത്തതിൽ സ്ത്രീകളോട് മാപ്പ് ചോദിച്ചതായി പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും, എന്നാൽ ബില്ലിനെ പ്രതിപക്ഷം തടഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ, സിപിഎം നേതാവും എംപിയുമായ ജോൺ ബ്രിട്ടാസ് മോദിയുടെ പ്രസംഗത്തെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. ഒരു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ഇത്തരത്തിലുള്ള രാഷ്ട്രീയപരമായ പരാമർശങ്ങൾ നടത്തുന്നത് അപൂർവമാണെന്നും, പാർലമെന്റിൽ പറയേണ്ട കാര്യങ്ങൾ പുറത്തുവന്ന് പറയുന്നതിലൂടെ പകപോക്കാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ നടപടി അധികാര ദുർവിനിയോഗമെന്നായിരുന്നു കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രതികരണം. മോദി സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതിപക്ഷത്തെ ആക്രമിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. വനിതാ സംവരണ ബിൽ നിലവിലെ 543 ലോക്‌സഭാ മണ്ഡലങ്ങളിൽ 33ശതമാനം സംവരണം നടപ്പാക്കുന്ന രീതിയിൽ കൊണ്ടുവന്നാൽ പിന്തുണ നൽകാമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നുവെങ്കിലും കേന്ദ്രം അതിന് തയ്യാറായില്ലെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.










