
മല്ലപ്പള്ളി: പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ പണയമായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ ബാങ്ക് സെക്രട്ടറിയെയും പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മാറനല്ലൂർ കണ്ടല രാധശ്രീ ഭവനിൽ എസ്. രാധശ്രീ (38)യെയാണ് കീഴ്വായ്പൂര് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ബാങ്ക് പ്യൂൺ വിജേഷ് ജയകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോൽ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നും ബാങ്കിലെ കണക്കുകൾ കൃത്യസമയത്ത് പരിശോധിച്ചില്ലെന്നുമുള്ള കുറ്റങ്ങളാണ് രാധശ്രീക്കെതിരെ ചുമത്തിയിരിക്കുന്നത്. മല്ലപ്പള്ളി പരിയാരത്ത് പുതുതായി നിർമിച്ച ദേവം വീട്ടിലാണ് ഒന്നര മാസത്തിലേറെയായി ഇവർ താമസിച്ചുവരുന്നത്.
ബാങ്കിൽ റീജനൽ മാനേജർ ഉൾപ്പെടെയുള്ളവർ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് വൻതോതിൽ പണയസ്വർണം കാണാതായ വിവരം പുറത്തുവന്നത്. ഏകദേശം 1.35 കോടി രൂപ വിലമതിക്കുന്ന 1200 ഗ്രാമിലേറെ സ്വർണാഭരണങ്ങളാണ് ലോക്കറിൽനിന്ന് നഷ്ടപ്പെട്ടതെന്നാണ് കണ്ടെത്തൽ.
അറസ്റ്റിലായ പ്യൂൺ വിജേഷ് ജയകുമാറിൽനിന്ന് രാധശ്രീ 15 ലക്ഷത്തോളം രൂപ വാങ്ങിയിരുന്നതായും അന്വേഷണത്തിൽ വിവരമുണ്ട്. ഇതിനു പുറമെ കൂടുതൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.
പണയസ്വർണത്തിന്റെ കണക്കിൽ കുറവുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ബാങ്ക് പ്രസിഡന്റ് ജി. സതീഷ്ബാബു കീഴ്വായ്പൂര് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും നഷ്ടപ്പെട്ട സ്വർണത്തിന്റെ ശേഷിപ്പുകൾ എവിടെയാണെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.








