08:34am 28 November 2026
NEWS
എട്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; മലേഷ്യയിൽ അധ്യാപകന് 60 വർഷം തടവ്; 24 ചൂരൽ അടി
27/11/2026  03:37 PM IST
nila
എട്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; മലേഷ്യയിൽ അധ്യാപകന് 60 വർഷം തടവ്; 24 ചൂരൽ അടി

 

ക്വാലാലംപൂർ: ഏഴ് മുതൽ 12 വയസ്സുവരെ പ്രായമുള്ള എട്ട് പെൺകുട്ടികളെ സ്കൂളിനുള്ളിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകന് 60 വർഷം തടവ് ശിക്ഷ. മലേഷ്യയിലെ സരാവാക് സംസ്ഥാനത്തെ പ്രൈമറി സ്കൂളിൽ നടന്ന സംഭവത്തിലാണ് 35കാരനായ വോങ് ഫെയ് സിങ്ങിന് ശിക്ഷ വിധിച്ചത്. 24 ചൂരൽ അടി നൽകാനും കോടതി ഉത്തരവിട്ടു. കുട്ടികളുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ കൈവശം വെച്ചതടക്കം 64 കുറ്റങ്ങൾ പ്രതി സമ്മതിച്ചതിനെ തുടർന്നാണ് ശ്രീ അമാൻ സെഷൻസ് കോടതി ബുധനാഴ്ച ശിക്ഷ പ്രഖ്യാപിച്ചത്.

2023 മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ സ്കൂൾ പരിസരത്തെ വിവിധ ഇടങ്ങളിലായിരുന്നു പീഡനം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ക്ലാസ് മുറികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വെച്ചാണ് കുട്ടികളെ പ്രതി അതിക്രമത്തിന് ഇരയാക്കിയത്.

64 കുറ്റങ്ങളിലായി ആകെ 260 വർഷത്തെ തടവാണ് കോടതി വിധിച്ചത്. എന്നാൽ ശിക്ഷകളിൽ ചിലത് ഒരേസമയം അനുഭവിക്കാവുന്ന വിധത്തിൽ ക്രമീകരിച്ചതോടെ ഫലത്തിൽ 60 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞ ദിവസം മുതലാണ് ശിക്ഷ കണക്കാക്കുക. ആകെ 160 ചൂരൽ അടികൾ വിധിച്ചെങ്കിലും ക്രിമിനൽ നടപടി ചട്ടത്തിലെ 288-ാം വകുപ്പ് പ്രകാരം നിയമപരമായ പരമാവധി ശിക്ഷയായ 24 അടിയായി ഇത് പരിമിതപ്പെടുത്തി.

2023ലാണ് കേസിലെ ആദ്യ സംഭവം നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ക്ലാസ് മുറിയിൽ വെച്ച് ഒരു പെൺകുട്ടിയോട് പ്രതി അനുചിതമായി പെരുമാറുകയും ഇത് തടയാൻ ശ്രമിച്ചപ്പോൾ കുട്ടിയെ അടിക്കുകയും ചെയ്തു. തുടർന്നുള്ള രണ്ട് വർഷങ്ങളിലും വിദ്യാർഥിനികളെ ലൈംഗികമായി ഉപദ്രവിക്കുന്നത് ഇയാൾ തുടർന്നു. ശരീരത്തിൽ അനുചിതമായി സ്പർശിക്കുക, ലൈംഗിക ഉള്ളടക്കമുള്ള വീഡിയോകൾ കാണിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളും നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.

പീഡനവിവരം പുറത്തുപറയാതിരിക്കാൻ കുട്ടികളെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ചിലർക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്തതായും സരാവാക് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

ഈ വർഷം ആദ്യം പെൺകുട്ടികൾ തങ്ങൾ നേരിട്ട ദുരനുഭവം മാതാപിതാക്കളോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയുടെ പക്കൽനിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ കുട്ടികളുടെ ലൈംഗികാതിക്രമ ദൃശ്യങ്ങളും ചിത്രങ്ങളും കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

ജയിൽവാസത്തിനിടെ പ്രതിക്ക് പുനരധിവാസ കൗൺസിലിങ് നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്. ശിക്ഷ പൂർത്തിയാക്കിയ ശേഷം രണ്ട് വർഷം പൊലീസ് നിരീക്ഷണത്തിൽ കഴിയണമെന്നും ഉത്തരവിൽ പറയുന്നു.

സ്കൂളുകളിലെ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായി മലേഷ്യൻ വിദ്യാഭ്യാസ മന്ത്രാലയം 'യു ടച്ച്, യു ഗോ' (You Touch, You Go) എന്ന കർശന നയം നടപ്പാക്കിയിട്ടുണ്ട്. സ്കൂളുകളിൽ സിസിടിവി നിരീക്ഷണം ശക്തമാക്കുക, ലൈംഗികാതിക്രമ ആരോപണം നേരിടുന്ന അധ്യാപകരെ ക്ലാസ് ചുമതലകളിൽനിന്ന് മാറ്റിനിർത്തുക, സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളിലേക്ക് പുനർനിയമിക്കുക തുടങ്ങിയ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

എന്നാൽ ഇത്തരം നടപടികൾക്കിടയിലും സ്കൂൾ പരിസരങ്ങളിലെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കുറയുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023 മുതൽ 2025 ഒക്ടോബർ വരെ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കെതിരായി സ്കൂൾ പരിസരങ്ങളിൽ 608 ലൈംഗികാതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്തതായി കഴിഞ്ഞ വർഷം നവംബറിൽ പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം ക്വാലാലംപൂരിൽ നടന്ന ശിശുസംരക്ഷണ നേതൃത്വ സമ്മേളനത്തിലും വിഷയം ചർച്ചയായിരുന്നു. അപമാനഭീതിയും സ്വകാര്യത നഷ്ടപ്പെടുമെന്ന ആശങ്കയും കാരണം പല ഇരകളും പീഡനവിവരങ്ങൾ പുറത്തുപറയാൻ മടിക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി. പരാതി പറഞ്ഞാൽ കൂടുതൽ കിംവദന്തികളും അപവാദങ്ങളും ശിക്ഷാനടപടികളും നേരിടേണ്ടിവരുമെന്ന ഭയം കുട്ടികളിലുണ്ടെന്ന് ശിശുസുരക്ഷാ സംഘടനയായ പോക്കറ്റ് ഓഫ് പിങ്കിലെ പ്രതിനിധി ജാസ് ലീൻ ലിം പറഞ്ഞതായി ന്യൂ സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.

അധ്യാപകർ പ്രതികളാകുന്ന സമാനമായ നിരവധി കേസുകളും കഴിഞ്ഞ ഒരു വർഷത്തിനിടെ മലേഷ്യയിൽ പുറത്തുവന്നിട്ടുണ്ട്. സെപ്റ്റംബറിൽ 17 വയസ്സുള്ള വിദ്യാർഥിയുമായി അധ്യാപികയ്ക്കുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന ബന്ധത്തിന്റെ ദൃശ്യങ്ങൾ കുടുംബാംഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സെലങ്കോറിൽ അധ്യാപികയ്ക്കെതിരെ പൊലീസ് പരാതി ലഭിച്ചിരുന്നു.

ഓഗസ്റ്റിൽ സരാവാക്കിലെ മറ്റൊരു അധ്യാപകനെ പത്ത് പെൺകുട്ടികളെ സ്കൂളിലെ സയൻസ് ലാബിലും ക്ലാസ് മുറികളിലും വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതി ചേർത്തിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ഓരോ കുറ്റത്തിനും 25 വർഷം വരെ തടവും ചൂരൽ അടിയും ലഭിക്കാം.

കഴിഞ്ഞ വർഷം ഡിസംബറിൽ ലൈംഗിക അതിക്രമ ആരോപണങ്ങളെ തുടർന്ന് കെഡാ സംസ്ഥാനത്തെ രണ്ട് അധ്യാപകരെ സ്കൂളുകളിൽനിന്ന് മാറ്റിനിർത്തിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img