
ന്യൂഡൽഹി: ഫുട്ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇന്ത്യൻ ആരാധകർക്ക് ആശ്വാസവാർത്ത. ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ടൂർണമെന്റിന്റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം സീ എന്റർടൈൻമെന്റ് സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ പ്രേക്ഷക വിപണികളിലൊന്നായ ഇന്ത്യയിൽ സംപ്രേഷണ കരാർ അവസാന നിമിഷം വരെ ഉറപ്പാകാതിരുന്നത് ആരാധകരെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ ഫിഫയുമായുള്ള പുതിയ ധാരണാപത്രത്തിലൂടെ സീ ഗ്രൂപ്പ് ആ ആശങ്കകൾക്ക് വിരാമമിട്ടിരിക്കുകയാണ്.
2026 ലോകകപ്പിനൊപ്പം 2034 വരെ ഫിഫ സംഘടിപ്പിക്കുന്ന വിവിധ അന്താരാഷ്ട്ര ടൂർണമെന്റുകളുടെ സംപ്രേഷണാവകാശവും സീ ഗ്രൂപ്പിന് ലഭിച്ചിട്ടുണ്ട്. ഇതോടെ അടുത്ത ഒരു ദശാബ്ദക്കാലം ഫിഫ മത്സരങ്ങൾ ഇന്ത്യൻ പ്രേക്ഷകർക്ക് എത്തിക്കുന്നതിൽ സീ നിർണായക പങ്കുവഹിക്കും.
കായിക സംപ്രേഷണ രംഗത്തെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിനായി സീ ഗ്രൂപ്പ് നാല് പുതിയ സ്പോർട്സ് ചാനലുകളും അവതരിപ്പിച്ചിട്ടുണ്ട്. യുണൈറ്റ് 8 സ്‌പോർട്സ് 1, യുണൈറ്റ് 8 സ്‌പോർട്സ് 1 എച്ച്ഡി, യുണൈറ്റ് 8 സ്‌പോർട്സ് 2, യുണൈറ്റ് 8 സ്‌പോർട്സ് 2 എച്ച്ഡി എന്നിവയാണ് പുതിയ ചാനലുകൾ.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ മത്സരങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് സീയുടെ ഒടിടി സേവനമായ സീ5 പ്രത്യേക സബ്സ്ക്രിപ്ഷൻ പദ്ധതികളും പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്കുള്ള പ്ലാനിന് 799 രൂപയും ഒരു വർഷത്തേക്കുള്ള പ്ലാനിന് 1,699 രൂപയുമാണ് നിരക്ക്.
അതേസമയം, സീ ചാനലുകളോ സീ5 സബ്സ്ക്രിപ്ഷനോ ഇല്ലാത്തവർക്കും മത്സരങ്ങൾ കാണാനുള്ള അവസരമുണ്ട്. പൊതുമേഖലാ ചാനലായ ദൂരദർശൻ ടൂർണമെന്റിലെ പ്രധാന മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും. ഡിഡി ഫ്രീ ഡിഷ് ഉപഭോക്താക്കൾക്ക് ഇവ സൗജന്യമായി കാണാനാകും.
ജൂൺ 11-ന് മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന ഉദ്ഘാടന മത്സരം ഡിഡി സ്‌പോർട്സിലൂടെ സംപ്രേഷണം ചെയ്യും. ഇന്ത്യയിൽ ജൂൺ 12 പുലർച്ചെ 12.30-നാണ് മത്സരം തത്സമയം എത്തുക. കൂടാതെ ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ മത്സരങ്ങളും ജൂലൈ 19-ന് നടക്കുന്ന ഫൈനലും ഡിഡി സ്‌പോർട്സിലൂടെ തത്സമയം കാണാനാകും. ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് ആവേശം ഇനി ടിവിയിലും മൊബൈൽ സ്ക്രീനുകളിലും ഒരുപോലെ അനുഭവിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരിക്കുകയാണ്.











