
അബുദാബി: ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ തത്സമയ നറുക്കെടുപ്പിൽ ഇന്ത്യൻ വനിതകൾക്കും നിരവധി മലയാളികൾക്കും കോടികളുടെ ഭാഗ്യം കൈവന്നു. ഡൽഹി സ്വദേശിനിയായ കനിക അറോറ 25 ദശലക്ഷം ദിർഹം (ഏകദേശം 65 കോടിയിലേറെ ഇന്ത്യൻ രൂപ) വിലമതിക്കുന്ന ബംപർ സമ്മാനം സ്വന്തമാക്കിയപ്പോൾ, ദുബായിൽ താമസിക്കുന്ന ഇന്ത്യൻ വീട്ടമ്മ ട്വിങ്കിൾ ആൽഫിന് ആഡംബര ബിഎംഡബ്ല്യു എക്സ്6 കാർ സമ്മാനമായി ലഭിച്ചു.
കഴിഞ്ഞ നാല് വർഷമായി എല്ലാ മാസവും ഭർത്താവിനൊപ്പം ബിഗ് ടിക്കറ്റ് വാങ്ങിക്കൊണ്ടിരുന്ന കനികയ്ക്ക് ഒടുവിൽ ഭാഗ്യം തേടിയെത്തിയത് ജൂൺ 30ന് വാങ്ങിയ 476107 നമ്പർ ടിക്കറ്റിലൂടെയാണ്. ആദ്യം ഭർത്താവിന്റെ പേരിലായിരുന്നു ടിക്കറ്റുകൾ എടുത്തിരുന്നത്. പിന്നീട് സ്വന്തം പേരിൽ ടിക്കറ്റെടുക്കാൻ തുടങ്ങിയതോടെയാണ് ജീവിതം മാറ്റിമറിച്ച ഈ നേട്ടം കൈവന്നത്. വിജയവിവരം അറിയിക്കാൻ സംഘാടകർ വിളിച്ചപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞുപോയെന്ന് കനിക പറഞ്ഞു.
ഭർത്താവും അഞ്ചുവയസ്സുകാരിയായ മകളും അമ്മയും ഉൾപ്പെടുന്നതാണ് കനികയുടെ കുടുംബം. സമ്മാനത്തുക ഉപയോഗിച്ച് ആദ്യം സ്വന്തമായി ഒരു വീട് വാങ്ങാനാണ് തീരുമാനം. തുടർന്ന് മകളെ ഡിസ്നിലാൻഡിലേക്ക് കൊണ്ടുപോകാനും, ബാക്കി തുക മകളുടെ വിദ്യാഭ്യാസത്തിനും കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനുമായി നിക്ഷേപിക്കാനുമാണ് പദ്ധതിയെന്ന് അവർ വ്യക്തമാക്കി. ഭാഗ്യം കാത്തിരിക്കുന്നവർ പ്രതീക്ഷ കൈവിടരുതെന്നും ക്ഷമയോടെ മുന്നോട്ടുപോകണമെന്നും കനിക സന്ദേശം നൽകി.
ദുബായിലേക്ക് അടുത്തിടെ താമസം മാറിയ 31-കാരിയായ ട്വിങ്കിൾ ആൽഫിന് ആദ്യമായി സ്വന്തം പേരിൽ എടുത്ത ബിഗ് ടിക്കറ്റിലൂടെയാണ് ബിഎംഡബ്ല്യു എക്സ്6 കാർ ലഭിച്ചത്. ഭർത്താവും സുഹൃത്തുക്കളും നേരത്തെ സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടായിരുന്നെങ്കിലും, താൻ ആദ്യമായാണ് പങ്കെടുത്തതെന്ന് ട്വിങ്കിൾ പറഞ്ഞു. കാറിന് പകരം അതിന്റെ തുക പണമായി സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
പ്രധാന സമ്മാനങ്ങൾക്കൊപ്പം അഞ്ച് പേർക്ക് ഒരു ദശലക്ഷം ദിർഹം വീതം (ഏകദേശം രണ്ടര കോടിയിലേറെ രൂപ) ആശ്വാസസമ്മാനവും ലഭിച്ചു. ഇതിൽ മൂന്ന് മലയാളികളടക്കം നാല് ഇന്ത്യക്കാരാണ്.
ഭാഗ്യശാലികളായ മലയാളികൾ:
ഷാർജയിൽ താമസിക്കുന്ന അഖിൽ എൻ. ബി
അബുദാബിയിലെ ശിവപ്രസാദ് രവീന്ദ്രൻ
റാസൽഖൈമയിലെ സിജു ഉപേന്ദ്രൻ
ഇവർക്കൊപ്പം ബെംഗളൂരു സ്വദേശി ലാൻസി പാൽസ്, അൽ ഐനിൽ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് അതീഖ് ഹസ്സൻ എന്നിവർക്കും സമ്മാനം ലഭിച്ചു.
അടുത്ത നറുക്കെടുപ്പിൽ 20 ദശലക്ഷം ദിർഹം
ജൂലൈ മാസത്തെ പ്രമോഷന്റെ ഭാഗമായി ഓഗസ്റ്റ് 3ന് നടക്കുന്ന അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 20 ദശലക്ഷം ദിർഹമാണ് ഒന്നാം സമ്മാനം. കൂടാതെ അഞ്ച് പേർക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനമായി ലഭിക്കും. ആഴ്ചതോറും 25,000 ദിർഹം വീതം നൽകുന്ന പ്രത്യേക നറുക്കെടുപ്പും, ഒരു ലക്ഷം മുതൽ പത്ത് ലക്ഷം ദിർഹം വരെ സമ്മാനങ്ങൾ നേടാൻ അവസരമുള്ള ‘ബിഗ് സ്പിൻ’ മത്സരവും ഇത്തവണ പ്രമോഷന്റെ ഭാഗമാകും.










