
ജപ്പാനിൽ ജോലി ചെയ്തിരുന്ന ഇരിട്ടി സ്വദേശിനിയായ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശൻ–ബീന ദമ്പതികളുടെ മകൾ വി. ദേവിക (22) ആണ് മരിച്ചത്. ജപ്പാനിലെ കമിഗഹാരയിലാണ് അപകടം നടന്നത്. ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 10.20ഓടെയാണ് ദേവികയെ ട്രെയിൻ ഇടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അപകടസ്ഥലത്തുനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡ് പരിശോധിച്ചാണ് മരിച്ചത് ദേവികയാണെന്ന് സ്ഥിരീകരിച്ചത്.
ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് ദേവിക ജപ്പാനിലെത്തിയത്. ഇഗലൊ ചൊവൻ സോഷ്യൽ വെൽഫെയർ കോർപ്പറേഷനിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. മൂന്ന് വർഷത്തെ തൊഴിൽ കരാറിൽ ആറുമാസം മുൻപാണ് ദേവിക ജോലിയിൽ പ്രവേശിച്ചത്.
അതിനിടെ, ദേവികയെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ ആശങ്കയിലായിരുന്നു. യുവതിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ട്രെയിൻ അപകടത്തിൽ ദേവിക മരിച്ചെന്ന വിവരം കുടുംബത്തിന് ലഭിച്ചത്.
ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട് പ്രാദേശിക ഭരണകൂടം ബുദ്ധിമുട്ട് അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായം തേടി. മൃതദേഹം കേരളത്തിലെത്തിക്കുന്നതിനായി ബന്ധുക്കളും പ്രവാസി സംഘടനകളും ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് നടപടികൾ തുടരുകയാണ്.










