
കൊല്ലം: മലയാളി യുവതിയെ ബെംഗളുരുവിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നു. കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിനിയായ കാർത്തികയുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപതിനാണ് കാർത്തികയെ ബംഗളൂരുവിലെ ഫ്ലാറ്റിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് കാർത്തികയുടെ ഭർത്താവ് നിഖിലിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിക്കുന്നത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.
ഭർത്താവ് നിഖിലിനും നാല് വയസ്സുള്ള മകൾക്കും ഒപ്പമായിരുന്നു ബെംഗളുരുവിൽ കാർത്തികയുടെ താമസം. സംഭവദിവസം അമ്മ ഇന്ദിര കുമാരിയുമായി കാർത്തിക ഫോണിൽ സംസാരിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. ജോലി കഴിഞ്ഞ് ഫ്ലാറ്റിലേക്ക് എത്തുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിന് ശേഷമാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. മൃതദേഹം കണ്ടെത്തിയപ്പോൾ കുളിമുറിയുടെ വാതിൽ തുറന്ന നിലയിലായിരുന്നുവെന്നും, മരണസമയത്ത് നിഖിൽ ഫ്ലാറ്റിന് സമീപം ഉണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
എട്ട് വർഷം മുമ്പാണ് പട്ടം സ്വദേശിയായ നിഖിലും കാർത്തികയും വിവാഹിതരായത്. ഐടി മേഖലയിലുള്ള ജോലിയാണ് നിഖിലിന്. ഇടക്കാലത്ത് കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ രൂക്ഷമായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. മെക്‌സിക്കോയിൽ ജോലി സംബന്ധമായി പോയി വന്നതിന് ശേഷം നിഖിൽ മകളോട് അകന്നുപോയതായും അവർ ആരോപിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാർത്തിക അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളും കുടുംബത്തിന് കൈവശമുണ്ടെന്ന് അവർ വ്യക്തമാക്കുന്നു.
അതേസമയം, കേസിൽ ബംഗളൂരു പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്ന വിമർശനവും കുടുംബം ഉന്നയിക്കുന്നു. സംഭവത്തിൽ സമഗ്രവും നീതിപൂർണ്ണവുമായ അന്വേഷണം വേണമെന്നാണ് അവരുടെ ആവശ്യം.










