
അബുദാബി: പ്രവാസികളുടെ ഭാഗ്യപരീക്ഷണമായ ബിഗ് ടിക്കറ്റിന്റെ നവംബർ മാസത്തിലെ മൂന്നാമത്തെ വാരാന്ത്യ ഇ-നറുക്കെടുപ്പിൽ നാല് ഇന്ത്യക്കാർക്ക് നേട്ടം. മലയാളി യുവതിയുൾപ്പെടെ നാല് പേർക്കാണ് 25,000 ദിർഹം (ഏകദേശം 6.5 ലക്ഷം രൂപ) വീതം സമ്മാനം ലഭിച്ചത്. തമിഴ്നാട് സ്വദേശികളായ സഹോദരങ്ങൾ ഉൾപ്പെടെയുള്ളവരാണ് വിജയികളുടെ പട്ടികയിലുള്ളത്.
അബുദാബിയിൽ ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന പ്രീതി ആന്റോ ആന്റണി അന്തിക്കാട് വക്കോയാണ് മലയാളി വിജയി. സുഹൃത്തുക്കളുമായി ചേർന്ന് കൗണ്ടറിൽനിന്ന് നേരിട്ട് വാങ്ങിയ 115349 എന്ന നമ്പർ ടിക്കറ്റാണ് പ്രീതിക്ക് ഭാഗ്യം കൊണ്ടുവന്നത്. ബിഗ് ടിക്കറ്റ് അവതാരക ബുഷ്റയുടെ ഫോൺവിളിയിലൂടെയാണ് വിജയവിവരം അറിഞ്ഞത്. അപ്രതീക്ഷിത നേട്ടത്തിന്റെ സന്തോഷം കണ്ണീരായാണ് പ്രീതി പ്രകടിപ്പിച്ചത്.
വർഷങ്ങളായി സുഹൃത്തുക്കൾക്കൊപ്പമാണ് പ്രീതി ബിഗ് ടിക്കറ്റ് എടുക്കുന്നത്. അതുകൊണ്ടുതന്നെ ലഭിച്ച സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിടാനാണ് തീരുമാനം. ഈ വിജയം വ്യക്തിപരമായ നേട്ടമല്ലെന്നും എല്ലാവരുടെയും കൂട്ടായ്മയുടെ ഫലമാണെന്നും പ്രീതി പ്രതികരിച്ചു.
തമിഴ്നാട് സ്വദേശിയായ 35കാരനും എൻജിനീയറുമായ അരവിന്ദൻ കെ. സഹോദരനൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് വിജയിയായത്. കഴിഞ്ഞ വർഷം അബുദാബിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. രോഗബാധിതയായ അമ്മയുടെ ചികിത്സയ്ക്കായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തിന് സമ്മാനത്തുക വലിയ സഹായമാകുമെന്ന് അരവിന്ദൻ പറഞ്ഞു. തുക സഹോദരനുമായി പങ്കിടാനാണ് തീരുമാനം.
ഷാർജയിൽ താമസിക്കുന്ന ഇന്ത്യക്കാരനായ മകരന്ദ് നിവൃത്തി പാട്ടീലിനും ഇത്തവണ ഭാഗ്യമെത്തി. 237774 എന്ന നമ്പറിലുള്ള ഓൺലൈൻ ടിക്കറ്റിലൂടെയാണ് ഇദ്ദേഹം സമ്മാനം നേടിയത്. കഴിഞ്ഞ മൂന്ന് വർഷമായി ഇടയ്ക്കിടെ ബിഗ് ടിക്കറ്റ് എടുക്കുന്നയാളാണ് മകരന്ദ്.
യുഎഇയിൽ താമസിക്കുന്ന ഷറഫുദ്ദീൻ കാസിമാണ് മറ്റൊരു വിജയി. 429676 എന്ന നമ്പറിലുള്ള ഓൺലൈൻ ടിക്കറ്റിലൂടെയാണ് ഇദ്ദേഹത്തിന് 25,000 ദിർഹം ലഭിച്ചത്. വിജയവാർത്ത അറിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നിയതായി ഷറഫുദ്ദീൻ പ്രതികരിച്ചു.
അതേസമയം, ബിഗ് ടിക്കറ്റിന്റെ അടുത്ത പ്രധാന നറുക്കെടുപ്പ് ഡിസംബർ 3ന് നടക്കും. 2.5 കോടി ദിർഹം (25 ദശലക്ഷം ദിർഹം) ആണ് ബമ്പർ സമ്മാനം. ഇതിനു പുറമെ അഞ്ച് പേർക്ക് ഒരു ലക്ഷം ദിർഹം വീതമുള്ള സമ്മാനങ്ങളും ലഭിക്കും.
നവംബറിലെ അവസാന വാരാന്ത്യ ഇ-നറുക്കെടുപ്പിൽ നാല് പേർക്ക് കൂടി 25,000 ദിർഹം വീതം നേടാനുള്ള അവസരമുണ്ട്. അബുദാബി, അൽ ഐൻ വിമാനത്താവളങ്ങളിലെ കൗണ്ടറുകൾ വഴിയും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ വാങ്ങാം.










