
ബെംഗളൂരുവിൽ മലയാളി യുവതി ബലാത്സംഗത്തിനിരയായതായി പരാതി. കഫേയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനിയായ ഇരുപതുകാരിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് പീഡിപ്പിച്ചതെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് മഡിവാളയിൽ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെ പൊലീസ് കേസെടുത്തു. ഈ മാസം 12ന് നടന്ന സംഭവത്തിന് പിന്നാലെ അടുത്ത ദിവസം തന്നെ യുവതി പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പരാതി സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് ആരോപണം. തുടർന്ന് ഡിസിപിക്ക് പരാതി നൽകിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും യുവതി പറയുന്നു.
പരാതി പിൻവലിക്കാത്ത പക്ഷം കൊല്ലുമെന്ന് പ്രതി പൊലീസ് സ്റ്റേഷനിൽ വച്ചുതന്നെ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. കേസിൽ ഒത്തുതീർപ്പിന് പൊലീസ് സമ്മർദം ചെലുത്തിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവത്തിന് ശേഷം പലതവണ ആവശ്യപ്പെട്ടിട്ടും വൈദ്യപരിശോധന നടത്തിയില്ലെന്നും യുവതി പറയുന്നു. പൊലീസ് സ്റ്റേഷനിൽ നിന്ന് മടങ്ങിയതിന് പിന്നാലെ താമസസ്ഥലത്ത് കയറി ആക്രമിച്ചതായും പരാതിയിലുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷവും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെന്നും, ആറു ദിവസത്തിന് ശേഷമാണ് വൈദ്യപരിശോധന നടത്തപ്പെട്ടതെന്നും യുവതി ആരോപിച്ചു.
ഇതിനിടെ, പ്രതിയിൽ നിന്ന് ഇപ്പോഴും ഭീഷണി നേരിടുന്നുണ്ടെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.










