05:56am 11 November 2026
NEWS
ഹിമാചലിൽ മിന്നൽ പ്രളയത്തിൽ കുടുങ്ങിയവർ തിരിച്ചെത്തി രാജീവ് ചന്ദ്രശേഖരനും അമിത് ഷാക്കും നന്ദി അറിയിച്ച് മലയാളി സഞ്ചാരികൾ
06/09/2025  07:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഹിമാചലിൽ മിന്നൽ പ്രളയത്തിൽ കുടുങ്ങിയവർ തിരിച്ചെത്തി രാജീവ് ചന്ദ്രശേഖരനും അമിത് ഷാക്കും നന്ദി അറിയിച്ച് മലയാളി സഞ്ചാരികൾ

കൊച്ചി: ഹിമാചലിൽ ഉണ്ടായ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും കുടുങ്ങി പോയ മലയാളി സഞ്ചാരികൾ കേരളത്തിൽ തിരിച്ചെത്തി.ഷിംലയിലേക്കുള്ള യാത്രാമധ്യേ കൽപയിൽ കുടുങ്ങിയ 25 അംഗ സംഘത്തിലുണ്ടായിരുന്ന 18  മലയാളികളാണ് തിരുവോണനാളിൽ  തിരിച്ചെത്തിയത്. 

സ്പിറ്റിയിൽ നിന്ന് ഷിംലയിലേക്ക് യാത്രതിരിച്ച സംഘം കനത്ത മഴയിൽ ഒറ്റപ്പെട്ടു പോകുകയായിരുന്നു. ഇതോടെ സംഘത്തിലുണ്ടായിരുന്ന വരദ എന്ന പെൺകുട്ടി ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻറ് ഷോൺ ജോർജിനെ ബന്ധപ്പെടുകയായിരുന്നു.

ഷോൺ ഇക്കാര്യം സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് ഉടൻ തന്നെ കേന്ദ്ര മന്ത്രി അമിത് ഷായെ ബന്ധപ്പെട്ടു.പിന്നീട് അമിത് ഷാ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖുവിനെ ബന്ധപ്പെട്ട് അവർക്ക് വേണ്ട എല്ലാ സഹായ സഹകരണങ്ങളും ഉറപ്പു വരുത്തുകയായിരുന്നു.

മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖു തങ്ങളെ ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞതായി വരദ പറഞ്ഞു. പിന്നീട് ഭക്ഷണം താമസം സുരക്ഷിതത്വം അങ്ങനെ എല്ലാം ഹിമാചൽ പ്രദേശ് സർക്കാർ ഒരുക്കിയെന്നും വരദ പറഞ്ഞു.

മഴയത്ത് രണ്ടു ദിവസം ഒറ്റപ്പെട്ടതോടെ താനും ഒപ്പമുണ്ടായിരുന്നവരും ഭയന്നു പോയി. അതോടെയാണ്  ഷോൺ ജോർജിനെ വരദ ബന്ധപ്പെട്ടത്. പിന്നീട് സംഭവം പുറം ലോകമറിയുന്നത് ഷോൺ വഴിയായിരുന്നു.  

തിരുവോണ നാളിൽ സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിയ സന്തോഷത്തിലാണ് വരദയും സംഘവും. സംഭവത്തിൽ അതിവേഗ ഇടപെടൽ നടത്തിയ രാജീവ് ചന്ദ്രശേഖരനും ഷോൺ ജോർജിനും അമിത് ഷായ്ക്കും സംഘം പ്രത്യേകം നന്ദി അറിയിച്ചു.

ഓഗസ്റ്റ് 25-ന് ഡൽഹിയിൽ നിന്നാണ് സംഘം യാത്ര തുടങ്ങിയത്. സ്പിറ്റിയിൽ നിന്ന് കൽപയിലേക്കെത്തിയ ശേഷമാണ് യാത്ര തടസ്സപ്പെട്ടത്. 

തുടർച്ചയായി പെയ്യുന്ന കനത്ത മഴ റോഡുകൾ തകർന്നടിയാൻ കാരണമായി. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ ഗതാഗതം നിലച്ച് യാത്ര സംഘം ഒറ്റപ്പെട്ടു പോകുകയായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img