തീതുപ്പും കുട്ടിച്ചാത്തൻ; ലോകത്തിലെ ഏറ്റവും വീര്യംകൂടിയ മദ്യത്തിനും മലയാളി ടച്ച്!

ലണ്ടൻ: ലോക മദ്യവിപണിയിൽ പുതിയ ചർച്ചയായി മാറുകയാണ് പ്രവാസി മലയാളി ജോൺ സേവ്യറിന്റെ 'മണവാട്ടി കുട്ടിച്ചാത്തൻ'. 96.2 ശതമാനം ആൽക്കഹോൾ അടങ്ങിയ പുതിയ സ്പിരിറ്റ് പുറത്തിറക്കി, നിലവിൽ ഏറ്റവും ഉയർന്ന ആൽക്കഹോൾ അംശമുള്ള മദ്യങ്ങളിൽ ഒന്നായി അറിയപ്പെടുന്ന പോളിഷ് ബ്രാൻഡായ സ്പിരൈറ്റസ്-നെ പോലും മറികടക്കുകയാണ് ലക്ഷ്യം.
യുകെ ആസ്ഥാനമായ ലണ്ടൻ ബാരൺ ലിമിറ്റഡ് വികസിപ്പിച്ച ഈ ഉൽപ്പന്നം 50 മില്ലി കുപ്പികളിലാണ് വിപണിയിലെത്തുന്നത്. കൂടിയ വീര്യമുള്ളതിനാൽ കോക്ടെയിൽ നിർമാണത്തിനും മറ്റ് പാനീയങ്ങളുമായി മിശ്രണം ചെയ്യാനുമാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്.
കൊച്ചിക്കാരന്റെ ആഗോള നേട്ടം
കൊച്ചി സ്വദേശിയായ ജോൺ സേവ്യർ, ലണ്ടനിൽ സംരംഭകനായി വളർന്ന ശേഷം കേരളത്തിന്റെ പരമ്പരാഗത അരാക്കിനെ 'മണവാട്ടി' എന്ന പേരിൽ ലോകവിപണിയിലെത്തിച്ച് ശ്രദ്ധ നേടിയിരുന്നു. ആ സംരംഭത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് 'മണവാട്ടി കുട്ടിച്ചാത്തൻ'.
അന്താരാഷ്ട്ര അംഗീകാരം നേടിയ ബ്രാൻഡ്
മണവാട്ടി ബ്രാൻഡിന് ഇതിനകം തന്നെ നിരവധി രാജ്യാന്തര പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ലണ്ടൻ സ്പിരിറ്റ്സ് കോംപറ്റീഷനിൽ വെങ്കല മെഡലും ഇന്റർനാഷണൽ വൈൻ ആൻഡ് സ്പിരിറ്റ് കോംപറ്റിഷൻ 2025-ൽ 'സ്പിരിറ്റ് ബ്രോൺസ്' പുരസ്‌കാരവും ബ്രാൻഡിനെ തേടിയെത്തിയിട്ടുണ്ട്.
മൂന്ന് വകഭേദങ്ങൾക്കൊപ്പം പുതിയ കരുത്തൻ
44 ശതമാനം ആൽക്കഹോളുള്ള ഒറിജിനൽ മണവാട്ടി, 71 ശതമാനമുള്ള ഓവർ പ്രൂഫ്, 37.5 ശതമാനമുള്ള മാജിക് ബ്ലൂ എന്നീ വകഭേദങ്ങൾക്കൊപ്പം 96.2 ശതമാനം ആൽക്കഹോളുമായി 'കുട്ടിച്ചാത്തൻ' കൂടി എത്തിയതോടെ ബ്രാൻഡിന്റെ ശ്രേണി വിപുലമായിരിക്കുകയാണ്.
കുഞ്ഞു കുപ്പിയിലെത്തുന്ന മണവാട്ടിയെ തീ തുപ്പും കുട്ടിച്ചാത്തൻ എന്നാണ് അതിൻറെ നിർമാതാക്കൾ വിളിക്കുന്നത്. യുകെ ആസ്ഥാനമായ ‘ലണ്ടൻ ബാരൺ ലിമിറ്റഡ്’ ആണ് ഈ ലഹരി വിസ്മയത്തിനു പിന്നിൽ. 50 മില്ലി കുഞ്ഞൻ കുപ്പിയിലാണ് എത്തുന്നതെങ്കിലും, വിളിപേരുപോലെ തന്നെ ‘കുട്ടിച്ചാത്തൻ’ മദ്യവിപണിയിൽ വലിയ കളി കളിക്കുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ.
യുകെ, യൂറോപ്പ്, യുഎഇ, ആഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ ലഭ്യമായ മണവാട്ടി, കൊച്ചി ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലും വിൽപ്പന നടത്തുന്നുണ്ട്. പുതിയ ഉൽപ്പന്നവും വിദേശ വിപണികളിലേക്കും ഡ്യൂട്ടി ഫ്രീ സ്റ്റോറുകളിലേക്കും എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.
കൃത്രിമ നിറങ്ങളും ഫ്ലേവറുകളും ചേർക്കാതെ, യുകെയിലെ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ സ്പിരിറ്റ് നിർമ്മിക്കുന്നതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.










