08:45am 05 May 2026
NEWS
ഡൽഹിയിൽ മോഷണക്കുറ്റം ആരോപിച്ച് മലയാളി വിദ്യാർത്ഥികളെ പൊലീസും നാട്ടുകാരും ചേർന്ന് മർദ്ദിച്ചു
27/09/2025  07:36 AM IST
nila
 ഡൽഹിയിൽ മോഷണക്കുറ്റം ആരോപിച്ച് മലയാളി വിദ്യാർത്ഥികളെ പൊലീസും നാട്ടുകാരും ചേർന്ന് മർദ്ദിച്ചു

മോഷണക്കുറ്റം ആരോപിച്ച് മലയാളി വിദ്യാർത്ഥികളെ പൊലീസും നാട്ടുകാരും ചേർന്ന് മർദ്ദിച്ചു. ഡൽഹിയിലെ ചെങ്കോട്ടക്ക് സമീപത്തുവെച്ച് ഇക്കഴിഞ്ഞ 24നാണ് സംഭവം.  കാസർകോട് സ്വദേശി കെ.സുദിൻ, കോഴിക്കോട് സ്വദേശി ഐ.ടി.അശ്വന്ത് എന്നിവരാണ് മർദ്ദനത്തിനിരയായത്. സാക്കിർ ഹുസൈൻ കോളജിലെ പൊളിറ്റിക്കൽ സയൻസ് ഓണേഴ്സ് ഒന്നാം വർഷ വിദ്യാർത്ഥികളാണ് ഇരുവരും. 

24ന് വൈകിട്ട് ആറരയോടെ ചെങ്കോട്ടയ്ക്ക് സമീപത്തെ മാർക്കറ്റിലൂടെ നടക്കവേ ഒരാൾ  ഫോണും വാച്ചും വാങ്ങാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ച് തങ്ങളെ സമീപിക്കുകയായിരുന്നു എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.  വേണ്ടെന്നു പറഞ്ഞുമുന്നോട്ടു നടക്കവേ കച്ചവടക്കാരൻ സംഘമായെത്തി അശ്വന്തിന്റെ ഐഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചു. ഈ ഫോൺ, വിദ്യാർത്ഥികൾ കച്ചവടക്കാരിൽനിന്ന് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു അക്രമം. ഉടൻ വിദ്യാർത്ഥികൾ സമീപത്തെ പൊലീസ് ഔട്പോസ്റ്റിലെത്തി സഹായം അഭ്യർഥിച്ചു.

എന്നാൽ വിദ്യാർത്ഥികളാണ് തെറ്റുചെയ്തതെന്ന് ആരോപിച്ച പൊലീസ് ഫോൺ പിടിച്ചുവാങ്ങി ആക്രമിക്കാനെത്തിയ സംഘത്തിനു നൽകുകയായിരുന്നു. ഇതിനു പിന്നാലെ പൊലീസ് ഇരുവരെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. റോഡരികിൽ ഇരുവരെയും മുട്ടികുത്തിനിർത്തിച്ചതായും വിദ്യാർത്ഥികളുടെ പരാതിയിലുണ്ട്. ഇതിനിടെ ഫോൺ തിരികെ വാങ്ങാൻ വിദ്യാർത്ഥികൾ ശ്രമിച്ചതോടെ അടുത്തുള്ള പൊലീസ് ബൂത്തിലേക്ക് എത്തിച്ചു. മുണ്ടുടുത്തതിനെ ചോദ്യംചെയ്തതിനു പുറമേ ഹിന്ദിയിൽ സംസാരിക്കാത്തതിനും മർദിച്ചെന്നും വിദ്യാർഥികൾ പറഞ്ഞു. 20,000 രൂപ നൽകിയാൽ കേസിൽനിന്ന് ഒഴിവാക്കാമെന്ന് പൊലീസ് പറഞ്ഞതായും വിദ്യാർഥികൾ ആരോപിക്കുന്നുണ്ട്. രാത്രി വൈകിയും തുടർന്ന മർദനത്തിനുശേഷം സഹപാഠികളെത്തിയതോടെയാണു വിദ്യാർഥികളെ വിട്ടയച്ചത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളുടെ ശരീരത്തിൽ മർദനമേറ്റ ഒട്ടേറെ പാടുകളുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img