
കന്യാകുമാരിയിൽ കാണാതായ കോട്ടയം സ്വദേശിനികളായ യുവതികളുടെ മൃതദേഹങ്ങൾ കടലിൽ കണ്ടെത്തി. സഹോദരിമാരായ യുവതികളാണ് മരിച്ചത്. കോട്ടയം കിടങ്ങൂർ സ്വദേശികളായ ആൻ ഫിലിപ്പ് (35), ഇളയ സഹോദരി മീര ഫിലിപ്പ് (32) എന്നിവരെയാണ് കടലിൽ മരിച്ച നിലയിൽ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. കിടങ്ങൂർ സൗത്ത് ചന്തക്കവലയിൽ എടാട്ട് വീട്ടിൽ ഫിലിപ്പ്, മേരിക്കുട്ടി ദമ്പതികളുടെ മക്കളാണിവർ. അമേരിക്കയിൽനിന്ന് അടുത്തിടെയാണ് ഇവർ നാട്ടിലെത്തിയത്.
ഇരുവരും രമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് 26ന് വൈകിട്ടാണ് കന്യാകുമാരിയിലെത്തി ഹോട്ടലിൽ മുറിയെടുത്തത്. പിറ്റേന്ന് ഇവിടെ നിന്നും പുറത്തുപോയ ഇവർ രണ്ടു ദിവസം കഴിഞ്ഞിട്ടും ഹോട്ടലിൽ തിരിച്ചെത്തിയില്ല. ഹോട്ടൽ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് കന്യാകുമാരി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇവർ നൽകിയ മൊബൈൽ നമ്പരിൽ വിളിച്ച് ഹോട്ടർ ജീവനക്കാർ യുവതികളുടെ അമ്മ മേരിയെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് പിതാവിന്റെ സഹോദരനും ബന്ധുക്കളും കന്യാകുമാരിയിലെത്തി വിവിധയിടങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ കന്യാകുമാരി പൊലീസ് കേസെടുത്തു.
ഇതിനിടെയാണ് ഇന്നു രാവിലെ കന്യാകുമാരിയിലെ വാവതുറൈ ചൂണ്ടവളവ് പ്രദേശത്ത് കടലിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികൾ രണ്ടു മൃതദേഹങ്ങളും കണ്ടെത്തി കരയിൽ എത്തിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി നാഗർകോവിൽ ആശാരിപ്പള്ളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










