02:42pm 12 November 2026
NEWS
നാല് മലയാളി കുഞ്ഞുങ്ങൾക്കും ദുബായിൽ അന്ത്യനിദ്ര; പൊന്നോമനകളെ അവസാനമായി കാണാൻ പിതാവ് അബ്ദുൽ ലത്തീഫ് വീൽച്ചെയറിലെത്തി
06/01/2026  08:18 PM IST
nila
നാല് മലയാളി കുഞ്ഞുങ്ങൾക്കും ദുബായിൽ അന്ത്യനിദ്ര; പൊന്നോമനകളെ അവസാനമായി കാണാൻ പിതാവ് അബ്ദുൽ ലത്തീഫ് വീൽച്ചെയറിലെത്തി

ദുബായ്: അബുദാബി–ദുബായ് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട നാല് മലയാളി കുഞ്ഞുങ്ങൾക്കും ദുബായിൽ ഒരുമിച്ച് അന്ത്യവിശ്രമം. സഹോദരങ്ങളായ അഷാസ് (14), അമ്മാർ (12), അസാം (8), അയാഷ് (5) എന്നിവരുടെ കബറടക്കം ദുബായ് സോനാപൂരിൽ നടന്നു. അൽ ഷുഹാദ മസ്ജിദിൽ വൈകിട്ട് നടന്ന മയ്യിത്ത് നമസ്‌കാരത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ്, മലപ്പുറം തിരൂർ കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫ്, വീൽചെയറിലാണ് മക്കളെ അവസാനമായി കാണാനെത്തിയത്. കണ്ണീരടക്കി പ്രാർഥനയോടെ മക്കളെ യാത്രയാക്കുന്ന ലത്തീഫിന്റെ ദൃശ്യങ്ങൾ ചടങ്ങിൽ പങ്കെടുത്ത എല്ലാവരുടെയും ഹൃദയം തകർത്തു. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ കുരുന്നുകൾക്ക് അവസാന ആദരം അർപ്പിക്കാൻ സോനാപൂരിൽ എത്തിച്ചേർന്നു.

ലത്തീഫിനും കുടുംബത്തിനും ഇനി അവശേഷിക്കുന്നത് പത്ത് വയസ്സുകാരി ഇസ്സ ലത്തീഫ് മാത്രമാണ്. കുട്ടികളുടെ മാതാവ് വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയും ഇസ്സയും ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. റുക്‌സാനയ്ക്ക് ശസ്ത്രക്രിയ ആവശ്യമായതായി ബന്ധുക്കൾ അറിയിച്ചു.

അബുദാബി ലിവ ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം ദുബായിലെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് കുടുംബം ഞായറാഴ്ച പുലർച്ചെ അപകടത്തിൽപ്പെട്ടത്. അപകടദിവസം തന്നെ മൂന്ന് കുട്ടികളും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷ്‌റ (48)യും മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അസാം തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img