
1.Dr. Ratheesh Kumar R T
2.Alan Augustine
3.Santra Varghese
4.Safna P
5.Flogen Basil
6.Veena G Prakash
7.Anakha S
8.Dr. Shilpa A S
കൊച്ചി: ജപ്പാനിലെ ഷിമാനെ സർവകലാശാലയിലെ ഭൗമശാസ്ത്ര വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശിൽപ എ എസും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. രതീഷ്കുമാർ ആർ ടിയും ചേർന്ന് ജപ്പാൻ സയൻസ് ആൻഡ് ടെക്നോളജി ഏജൻസിയുടെ (ജെഎസ്ടി) പ്രശസ്തമായ സകുറാ സയൻസ് എക്സ്ചേയ്ഞ്ജ് ഗ്രാന്റ് നേടി.
ഈ സംയുക്ത പദ്ധതിയുടെ ഭാഗമായി ഡോ. രതീഷ്‌കുമാർ നയിക്കുന്ന കുസാറ്റ് മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പിലെ ആറ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ 2025 ഒക്ടോബർ 22 മുതൽ 28 വരെ ഷിമാനെ സർവകലാശാല സന്ദർശിക്കുകയും, ഗവേഷണ ശാലകളിലും, ശാസ്ത്രീയ പ്രദർശനങ്ങളിലും, ശില്പശാലകളിലും, ഫീൽഡ് വർക്കുകളിലും സംയുക്ത ചർച്ചകളിലും പങ്കെടുക്കും.
മറൈൻ ജിയോളജി വകുപ്പ് വിദ്യാർത്ഥികളായ അനഖ എസ്, ഫ്ലോഗൻ ബേസിൽ, വീണ ജി. പ്രകാശ്, മറൈൻ ജിയോഫിസിക്സ് വകുപ്പ് വിദ്യാർത്ഥികളായ സഫ്ന പി, സാൻട്ര വർഗീസ്, അലൻ അഗസ്റ്റിൻ എന്നിവരാണ് ഈ പദ്ധതിയുടെ ഭാഗമാവുക.
ജപ്പാൻ കടലിന്റെ ഉത്പത്തിയുമായി ബന്ധപ്പെട്ട അഗ്നിപർവ്വതഘടനകളെ (volcanic features) സംബന്ധിച്ച പഠനങ്ങൾക്ക് പ്രാധാന്യം നൽകി ഭൂശാസ്ത്രത്തിന്റെ ബഹുമുഖമേഖലയിൽ അന്തർ വിഭാഗീയ പഠനവും, സംയുക്ത ഗവേഷണവും പ്രോത്സാഹിപ്പിക്കുക എന്നതാണ് അക്കാദമിക കൈമാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.
ജപ്പാൻ സയൻസ് ആൻഡ് ടെക്നോളജി ഏജൻസിയുടെ മുഖ്യപദ്ധതിയിൽ ഒന്നാണ് സകുറാ സയൻസ് പ്രോഗ്രാം. ശാസ്ത്രീയ പരസ്പരബോധവും അന്താരാഷ്ട്ര ഗവേഷണ സഹകരണവും വളർത്തുകയാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.
വിദ്യാർത്ഥികൾക്ക് ആഗോള ഗവേഷണ സംസ്കാരം നേരിട്ടറിയാനും ശാസ്ത്രലോകത്തിലെ മുന്നേറ്റങ്ങൾ അനുഭവിക്കാനും ഈ അവസരം വഴിയൊരുക്കുമെന്ന് ഡോ. രതീഷ്കുമാർ പറഞ്ഞു. ഇത്തരത്തിലുള്ള പരിപാടികൾ രാജ്യങ്ങൾക്കിടയിലെ ശാസ്ത്രബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും വളർന്നുവരുന്ന ഗവേഷകരെ അന്താരാഷ്ട്ര തലത്തിൽ ചിന്തിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് ഡോ. ശില്പ എ എസ് അഭിപ്രായപ്പെടുകയും ചെയ്തു.
ഈ സംയുക്ത ശ്രമം കുസാറ്റിനും ഷിമാനെ സർവകലാശാലയ്ക്കും തമ്മിലുള്ള ദീർഘകാല അക്കാദമിക സഹകരണത്തിന് അടിത്തറയിടുന്നതോടൊപ്പം, യുവ മലയാളി ശാസ്ത്രജ്ഞർ ആഗോള ഗവേഷണരംഗത്ത് സജീവ സാന്നിധ്യമുറപ്പിക്കുന്നതിന്റെ തെളിവായും മാറുന്നു.
Photo Courtesy - Google









