07:00pm 12 November 2026
NEWS
മലയാളി സമാജം ‘പ്രതിഭാ സംഗമം’ : വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആദരം
24/01/2026  04:20 PM IST
nila
മലയാളി സമാജം ‘പ്രതിഭാ സംഗമം’ : വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആദരം

ദോഹ: മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ റേഡിയോ മലയാളം 98.6 എഫ്എമ്മിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘പ്രതിഭാ സംഗമം’ ദോഹയിൽ വിജയകരമായി നടന്നു. 2024–25 അധ്യായന വർഷത്തിലെ പത്താം ക്ലാസ് പരീക്ഷയിൽ മലയാള വിഷയത്തിൽ ഉന്നത വിജയം നേടിയ ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികളെയും അവരുടെ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഇന്റർ–സ്കൂൾ മലയാളം ക്വിസ് മത്സരം വിദ്യാർത്ഥികളുടെ അറിവും ഭാഷാസ്നേഹവും ഒരുപോലെ പ്രകടിപ്പിച്ച വേദിയായി. കേരളം, മലയാള ഭാഷ, സാഹിത്യം എന്നിവയെ ആസ്പദമാക്കി ദോഹയിലെ 15ഓളം ഇന്ത്യൻ സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ ഭവൻസ് പബ്ലിക് സ്കൂൾ തുടർച്ചയായ മൂന്നാം തവണയും ഒന്നാം സ്ഥാനം നേടി. 2019 മുതൽ മലയാളി സമാജം നൽകിവരുന്ന മലയാള പ്രതിഭാ പുരസ്‌കാരത്തിന് ഈ വർഷം 123 വിദ്യാർത്ഥികൾ അർഹരായി.
ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങിൽ ലോക്‌സഭാംഗം അടൂർ പ്രകാശ് എം.പി. മുഖ്യാതിഥിയായിരുന്നു. മലയാളി സമാജം ചെയർപേഴ്സൺ ലത ആനന്ദ് നായർ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമുള്ള സർട്ടിഫിക്കറ്റുകളും മെഡലുകളും ക്വിസ് വിജയികൾക്കുള്ള ട്രോഫികളും അവാർഡുകളും വിതരണം ചെയ്തു.
റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, അൽ റവാബി ഗ്രൂപ്പ് ജി.എം കണ്ണു ബക്കർ, ഐ.സി.സി സെക്രട്ടറി എബ്രഹാം ജോസഫ്, ഇൻകാസ് മുഖ്യ രക്ഷാധികാരി ഹൈദർ ചുങ്കത്തറ, രക്ഷാധികാരി ജോപ്പച്ചൻ തെക്കേക്കൂട്ട്, ജനറൽ സെക്രട്ടറി ബോബൻ വർക്കി, മലയാളി സമാജം ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, സബ് കമ്മിറ്റി അംഗങ്ങൾ, റേഡിയോ മലയാളം പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജനറൽ സെക്രട്ടറി സന്തോഷ് യോഹന്നാൻ സ്വാഗതവും വൈസ് പ്രസിഡന്റ് മഞ്ജുനാഥ് നന്ദിയും പറഞ്ഞു. അരുൺ പിള്ള, ജയശ്രീ സുരേഷ് എന്നിവർ അവതാരകരായിരുന്നു. ഹമദ് ആശുപത്രിയിലെ കാർഡിയാക് സർജൻ ഡോ. റഷീദ് പട്ടത്ത്, സാംസ്‌കാരിക പ്രവർത്തകൻ സുനിൽ പെരുമ്പാവൂർ എന്നിവർ ക്വിസ് മാസ്റ്റേഴ്സായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img