
ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ മതപരിവർത്തനമാരോപിച്ച് മലയാളി പാസ്റ്റർ അറസ്റ്റിലായി. ജോസ് തോമസ് എന്നയാളെയാണ് സിക്കന്തർപൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രദേശവാസിയായ ഗൗതം ഗൗർ നൽകിയ പരാതിയിലാണ് അറസ്റ്റ്.
പണവും തൊഴിലും വാഗ്ദാനം ചെയ്ത് മതപരിവർത്തനം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരം ജോസ് തോമസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്ന ആരോപണവും പരാതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പട്നയിൽ താമസിക്കുന്ന ജോസ് തോമസ് മതപരിവർത്തന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ബല്ലിയയിലെത്തിയതായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇരുപതിലധികം സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തോട് പ്രസംഗം നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
അറസ്റ്റിനിടെ 124 മതപുസ്തകങ്ങൾ, സംഗീതോപകരണങ്ങൾ, മൈക്രോഫോണുകൾ എന്നിവ ഉൾപ്പെടെയുള്ള സാമഗ്രികൾ പ്രതിയിൽ നിന്നും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.











