
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി നഴ്സിന് ഒരു ലക്ഷം ദിർഹം സമ്മാനം ലഭിച്ചു. ബിഗ് ടിക്കറ്റ് സീരീസ് 281-ൽ ടിന്റു ജെസ്‌മോണിനെയാണ് ഭാഗ്യം തുണച്ചത്. അജ്മാനിൽ നഴ്സാണ് ടിന്റു.
കഴിഞ്ഞ 15 വർഷമായി യുഎഇയിൽ താമസിക്കുകയാണ് 40 വയസ്സുകാരിയായ ടിന്റു. പത്ത് സുഹൃത്തുക്കളോടൊപ്പം നവംബർ 30-ന് 522882 നമ്പറിലുള്ള ടിക്കറ്റ് വാങ്ങിയിരുന്നു. സുഹൃത്തുക്കളിലൂടെയാണ് ടിന്റു ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. അഞ്ച് വർഷമായി തുടർച്ചയായി ഭാഗ്യം പരീക്ഷിച്ചുവരികയായിരുന്നു.
മുൻപ് പല തവണ ഭാഗ്യം കൈവിട്ടെങ്കിലും, ശ്രമം തുടരുകയായിരുന്നു. ഇതിന്റെ ഫലമായാണ് ഇത്തവണ സമ്മാനം ലഭിച്ചതെന്ന് ടിന്റു പറഞ്ഞു. ലഭിച്ച തുക ടിക്കറ്റെടുത്ത പത്ത് സുഹൃത്തുക്കൾക്കൊപ്പം തുല്യമായി പങ്കിടുമെന്നും അവർ അറിയിച്ചു.
ഭാവിയിലും ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിൽ പങ്കെടുക്കുമെന്നും വരാനിരിക്കുന്ന വലിയ നറുക്കെടുപ്പുകളെ പ്രതീക്ഷയോടെ കാത്തിരിക്കുമെന്നും ടിന്റു കൂട്ടിച്ചേർത്തു.











