
അഹമ്മദാബാദിൽ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിൽ രണ്ട് മലയാളികളുണ്ടായിരുന്നതായി റിപ്പോർട്ട്. ഇതിൽ ഒരാളുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശിനി രഞ്ജിത ആർ നായർ (40) ആണ് മരിച്ചത്. ഒമാനിൽ നഴ്സായിരുന്ന രഞ്ജിത, യുകെയിൽ ജോലിക്കായി യാത്രതിരിച്ചതാണ്. കൊച്ചിയിൽ നിന്നാണ് രഞ്ജിത അഹമ്മദാബാദിലേക്ക് പോയത്.
ഇന്ന് ഉച്ചക്ക് 1.17ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് ചെയ്ത എയർ ഇന്ത്യ 171 ഡ്രീംലൈനർ വിമാനമാണ് തകർന്നു വീണത്. അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്കേക്കായിരുന്നു വിമാനത്തിന്റെ യാത്ര. പാർപ്പിടമേഖലയിൽ, ഒരു ആശുപത്രിക്കു മുകളിലാണ് വിമാനം തകർന്നു വീണത്. അപകടത്തിൽ കെട്ടിടങ്ങൾക്ക് വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചു. ആകെ 230 യാത്രക്കാരും 12 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. ഇതിൽ 133 പേർ മരിച്ചതായാണ് പ്രാഥമിക വിവരം.










