
കുവൈറ്റില്‍ നഴ്സുമാരായ മലയാളി ദമ്പതിമാർ കുത്തേറ്റ് മരിച്ചനിലയില്‍. കണ്ണൂര്‍ സ്വദേശി സൂരജ്, എറണാകുളം സ്വദേശിയായ ഭാര്യ ബിന്‍സി എന്നിവരെയാണ് അബ്ബാസിയയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വഴക്കിനിടെ ദമ്പതിമാര്‍ പരസ്പരം കുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
സൂരജ് കുവൈറ്റിലെ ആരോഗ്യമന്ത്രാലയത്തിലാണ് നഴ്സായി ജോലിചെയ്തിരുന്നത്. ബിന്‍സി കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്സാണ്. രണ്ടുപേരും ഓസ്‌ട്രേലിയയിലേക്ക് ജോലിമാറാനുള്ള ശ്രമത്തിലായിരുന്നു. അതിനാല്‍ ദമ്പതിമാരുടെ മക്കളെ നാട്ടിലാക്കിയിരുന്നു. ഇതിനിടെയാണ് ദാരുണസംഭവമുണ്ടായത്.
ഇരുവരും രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് ഫ്‌ളാറ്റിലെത്തിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഇവര്‍ തമ്മില്‍ തര്‍ക്കിക്കുന്നത് കേട്ടതായി അയല്‍ക്കാര്‍ പറയുന്നുണ്ട്. രാവിലെ കെട്ടിടത്തിലെ കാവല്‍ക്കാരന്‍ വന്നുനോക്കിയപ്പോഴാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. ഇരുവരുടെയും കൈയില്‍ കത്തിയുണ്ടായിരുന്നതായും വിവരമുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫൊറന്‍സിക് ഉദ്യോഗസ്ഥരും തുടര്‍നടപടികള്‍ സ്വീകരിച്ചു.











