
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിൽ. അങ്കമാലി, കണ്ണൂർ സ്വദേശിനികളായ സിസ്റ്റർ വന്ദന, സിസ്റ്റർ പ്രീതി എന്നിവരാണ് അറസ്റ്റിലായത്. സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന സന്ന്യാസ സഭയിലെ അംഗങ്ങളാണ് ഇരുവരും. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫിസുകളിലേക്കും ജോലിക്കായി എത്തിയ മൂന്നു പെൺകുട്ടികളെ കൂട്ടിക്കൊണ്ടു പോകാനായി ഛത്തീസ്ഗഡിലെ ദുർഗ് റയിൽവെ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇരുവരെയും റയിൽവെ പൊലീസ് പിടികൂടിയത്.
പെൺകുട്ടികളും അതിലൊരാളുടെ സഹോദരനുമാണ് ട്രെയിനിൽ എത്തിയത്. പ്ലാറ്റ്ഫോം ടിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ റെയിൽവേ അധികൃതർ കുട്ടികളെ ചോദ്യം ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥരിൽ ആരോ ഒരാൾ തീവ്രഹിന്ദുത്വ സംഘടനകളിൽപ്പെട്ട ചിലരെ വിളിച്ചുവരുത്തിയെന്നാണ് ആരോപണം.നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ച് ബജ്‌റങ്ദൾ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധമുയർത്തി കന്യാസ്ത്രീകളെ തടഞ്ഞുവയ്ക്കുകയായിരുന്നു.
പെൺകുട്ടികളിലൊരാൾ സമ്മതപ്രകാരമല്ല എത്തിയതെന്നും ഇവർ ആരോപിച്ചു. പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത കന്യാസ്ത്രീകൾ ഇപ്പോൾ ദുർഗിലെ ജയിലിലാണ്. തീവ്രഹിന്ദുത്വ സംഘടനകളുടെ സമ്മർദത്തെത്തുടർന്ന് കെട്ടിച്ചമച്ച കേസാണെന്ന് ക്രിസ്ത്യൻ സംഘടനകൾ അറിയിച്ചു.











