
മൈസൂരു: കുടക്കിലെ പൊന്നംപേട്ടയിൽ സ്വന്തം കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിൽ മലയാളിയായ ഗിരീഷിന് വധശിക്ഷ. വിരാജ്‌പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നടരാജ് ആണ് വയനാട് തലപ്പുഴ അത്തിമല കോളനിയിൽ നിന്നുള്ള 38കാരനായ ഗിരീഷിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഈ വർഷം മാർച്ച് 27-നാണ് ഇയാൾ തന്റെ ഭാര്യയും മകളും ഉൾപ്പെടെ നാലുപേരെ ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യ നാഗി (30), അഞ്ചുവയസ്സുകാരി മകൾ കാവേരി, ഭാര്യയുടെ പിതാവായ കരിയ (75), മാതാവ് ഗൗരി (70) എന്നിവരെയാണ് ഗിരീഷ് കൊലപ്പെടുത്തിയത്.
ബെഗുരു ഗ്രാമത്തിലുള്ള ഒരു ആദിവാസി കോളനിയിലായിരുന്നു കുടുംബം താമസമിരുന്നത്. മദ്യപാനശീലവും ഭാര്യക്കുണ്ടെന്നു കരുതിയ വിവാഹേതരബന്ധവും കാരണം ഗിരീഷ് സ്ഥിരമായി വീട്ടിൽ കലഹമുണ്ടാക്കാറുണ്ടായിരുന്നു. സംഭവദിവസം മദ്യം വാങ്ങാൻ ആവശ്യപ്പെട്ട പണം ഭാര്യ നിഷേധിച്ചതോടെ അവൻ നിയന്ത്രണം വിട്ട് നാഗിയെ മർദിച്ചു വെട്ടിക്കൊന്നു. തടയാൻ വന്ന മകളെയും ഭാര്യയുടെ മാതാപിതാക്കളെയും ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി.
അക്രമത്തിന് പിന്നാലെ ഗിരീഷ് കണ്ണൂരിലേക്ക് ഒളിച്ചോടി. അടുത്ത ദിവസം എസ്റ്റേറ്റ് ഉടമ കാണാതായ കരിയയെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ നാല് പേരുടെയും മൃതദേഹങ്ങൾ കണ്ടു. രണ്ടു ദിവസത്തിനകം കണ്ണൂരിലെ ഇരിട്ടിയിൽ നിന്നാണ് പൊലിസ് പ്രതിയെ പിടികൂടിയത്. പൊന്നംപേട്ട പൊലീസ് നടത്തിയ അന്വേഷണവും സമർപ്പിച്ച കുറ്റപത്രവും അടിസ്ഥാനമാക്കി കോടതിയാണ് വധശിക്ഷ വിധിച്ചത്.











