
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതിയുടെ സൈനിക ധീരതാ മെഡലുകൾ പ്രഖ്യാപിച്ചു. മലയാളിയായ മേജർ തരുൺ വാസുദേവ് ഉൾപ്പെടെ 19 സൈനികർക്ക് ശൗര്യചക്ര ലഭിച്ചു. ഒമ്പത് പേർക്ക് കീർത്തിചക്രയും 36 പേർക്ക് സേനാ മെഡലും പ്രഖ്യാപിച്ചു. ആകെ 78 പേർക്കാണ് വിവിധ വിഭാഗങ്ങളിലായി ധീരതയ്ക്കുള്ള മെഡലുകൾ ലഭിച്ചത്. ഇതിൽ 13 പേർക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നൽകുന്നത്.
ഭീകരരുടെ നുഴഞ്ഞുകയറ്റം തടഞ്ഞതിന് അംഗീകാരം
57 രാഷ്ട്രീയ റൈഫിൾസിലെ മേജറായ തരുൺ വാസുദേവിനാണ് പാകിസ്താൻ അതിർത്തി വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം തടഞ്ഞതിനുള്ള ധീരപ്രവർത്തനത്തിന് ശൗര്യചക്ര ലഭിച്ചത്. അതിർത്തിയിലെ നിർണായക ദൗത്യത്തിലെ മികവിനാണ് പുരസ്‌കാരം.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പോലീസ് മെഡലുകളും നേരത്തേ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ നിന്ന് നിരവധി ഉദ്യോഗസ്ഥർക്ക് വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരം ലഭിച്ചു.
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിച്ച എസ്പി എസ്. ശശിധരനും മെഡൽ പട്ടികയിൽ ഇടം നേടി. ഐജി രാജ്പാൽ മീണ, എസ്പി ബിനു രാമകൃഷ്ണ പിള്ള, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രവികുമാർ, എസ്പി ഉജ്ജ്വൽ കുമാർ ജി., സബ് ഇൻസ്പെക്ടർ ജ്യോതിഷ് കുമാർ എസ്.എൽ., ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുരേഷ് ബാബു എസ്.എസ്. എന്നിവർക്കും മികവിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുണ്ട്.
അഗ്നിരക്ഷാ-ജയിൽ വകുപ്പുകളിലും കേരളത്തിന് അംഗീകാരം
അഗ്നിരക്ഷാ വിഭാഗത്തിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ രാജേന്ദ്രൻ നായർ ജെ., സെബാസ്റ്റ്യൻ ജോസഫ് എം. എന്നിവർ പുരസ്‌കാരത്തിന് അർഹരായി.
ജയിൽ വകുപ്പിൽ ഗ്രേഡ് 1 അസിസ്റ്റന്റ് സൂപ്രണ്ട് സുനിൽ എസ്. കുമാറിനും പ്രിസൺ ഓഫീസർ എം.കെ. മോഹൻദാസിനും പുരസ്‌കാരം ലഭിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള വിവിധ പുരസ്‌കാര പ്രഖ്യാപനങ്ങളിൽ കേരളത്തിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥർക്ക് ലഭിച്ച അംഗീകാരം ശ്രദ്ധേയമായി.










