
ദമാം: സൗദിയിൽ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. വൻതോതിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിൽ (41) ആണ് ദമാമിൽ ഞായറാഴ്ച രാവിലെ വധശിക്ഷയ്ക്ക് വിധേയനായത്. ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ട് ഇന്ത്യൻ എംബസിക്കും കൈമാറിയിട്ടുണ്ട്.
2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒമാനിൽ നിന്ന് കരമാർഗം സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിൽ വച്ച് സൗദി സുരക്ഷാസേന അബൂട്ടിയെ പിടികൂടുകയായിരുന്നു. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് ഏകദേശം 43 കിലോഗ്രാം മാരക ലഹരിമരുന്ന് പിടിച്ചെടുത്തതായാണ് അധികൃതർ വ്യക്തമാക്കിയത്.
കേസിൽ നടന്ന വിചാരണയ്ക്ക് പിന്നാലെ കീഴ്‌ക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. തുടർന്ന് അപ്പീൽ കോടതിയും ശിക്ഷ ശരിവച്ചു. സൗദി സുപ്രീം കോടതിയുടെ അംഗീകാരത്തിനുശേഷം ഭരണാധികാരിയുടെ റോയൽ ഡിക്രി പുറപ്പെടുവിച്ചതോടെയാണ് വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായത്.
ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാവിലെ ദമാമിൽ ശിക്ഷ നടപ്പാക്കിയത്.










