06:51am 02 May 2026
NEWS
വിവാഹമോചിതയായ യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ മലയാളി ക്രിക്കറ്റ് പരിശീലകൻ അറസ്റ്റിൽ
29/09/2025  09:15 AM IST
nila
 വിവാഹമോചിതയായ യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ മലയാളി ക്രിക്കറ്റ് പരിശീലകൻ അറസ്റ്റിൽ

വിവാഹമോചിതയായ യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ മലയാളി ക്രിക്കറ്റ് പരിശീലകൻ ബെം​ഗളുരുവിൽ അറസ്റ്റിൽ. മലയാളിയായ അഭയ് വി മാത്യുവാണ് അറസ്റ്റിലായത്. ഗോട്ടിഗരെയിലെ സ്വകാര്യ സ്കൂളിലെ കായിക പരിശീലകനും ക്രിക്കറ്റ് കോച്ചുമാണ് അഭയ് മാത്യു. ഇയാൾ വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗിക പീഡനത്തിനിരയാക്കുകയും ​ഗർഭിണിയായതോടെ തന്നെ ഉപേക്ഷിച്ച് മുങ്ങുകയുമായിരുന്നു എന്നാണ് യുവതിയുടെ പരാതി. പത്തുവയസുള്ള മകൾക്ക് ക്രിക്കറ്റ് കോച്ചിംഗ് നൽകാനെത്തിയാണ് യുവാവ് അടുപ്പം സ്ഥാപിച്ചെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. യുവതി പരാതി നൽകുന്ന സമയത്ത് കേരളത്തിലായിരുന്നു അഭയ് മാത്യു. പിന്നീട് ബെം​ഗളുരുവിൽ മടങ്ങിയെത്തിയതിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. 

വിവാഹമോചിതയായ യുവതിയുടെ പരാതിയിലാണ് നടപടി. പത്ത് വയസുള്ള മകൾക്ക് ബാറ്റ് വാങ്ങാൻ 2000 രൂപ നൽകി സഹായിച്ചാണ് അഭയ് ബന്ധം സ്ഥാപിച്ചതെന്ന് പരാതിയിൽ പറയുന്നു. ഭർത്താവുമായുള്ള അകൽച്ച അറിഞ്ഞ് വിവാഹമോചനത്തിന് സഹായിക്കുകയും പിന്നീട് വാടകവീട് തരപ്പെടുത്തി നൽകുകയും ചെയ്തു. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത അഭയ്ക്ക് ഒപ്പമായിരുന്നു രണ്ട് വർഷത്തോളമായി യുവതി കഴിഞ്ഞിരുന്നത്. ഇതിനിടെ ഗർഭിണി ആയെന്നും വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തി കടന്നുകളയുക ആയിരുന്നു എന്നുമാണ് യുവതിയുടെ പരാതി. തന്റെ സ്വകാര്യ ദൃശ്യങ്ങൾ ഇയാളുടെ പക്കലുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. 

ഇതിനുപിന്നാലെ സാമൂഹിക മാധ്യമങ്ങൾ വഴി അഭയ് വിശദീകരണവുമായി എത്തി. താൻ മുങ്ങിയതല്ല എന്നും സ്ഥല തർക്കവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പോയതാണ് എന്നുമായിരുന്നു മാത്യുവിന്റെ വിശദീകരണം. ഇതിനു പിന്നാലെയാണ് മാത്യു പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. നേരത്തെ പറഞ്ഞ കാര്യങ്ങൾ ഇന്നും ആവർത്തിച്ച മാത്യു യുവതി പറയുന്ന വിഡിയോ ദൃശ്യങ്ങൾ ഏതാണെന്ന് അറിയില്ലെന്ന് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img