
കോഴിക്കോട്: ഹരിയാനയിലെ ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികളെയാണ് ഗുരുഗ്രാം സെക്ടർ 68ലെ എംത്രിഎം മറീന സൊസൈറ്റിയിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി ചേന്നോത്ത് നാരകശ്ശേരി എൻ.സി. മുഹമ്മദ് അസ്ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പിൽ കെ. ഫർഹാന (28) എന്നിവരാണ് മരിച്ചത്. ഗുരുഗ്രാമിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന അസ്ലം ഏതാനും മാസം മുൻപാണ് ഭാര്യയോടൊപ്പം ഇവിടേക്ക് താമസം മാറിയത്. നേരത്തെ ബെംഗളൂരുവിലായിരുന്നു ജോലി. ദമ്പതികൾക്ക് മക്കളില്ല.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഡൽഹി സദർ ബസാറിലെ മോർച്ചറിയിലേക്ക് മാറ്റി. ഡൽഹിയിലെത്തിയ ബന്ധുക്കൾക്ക് മൃതദേഹങ്ങൾ വിട്ടുനൽകുമെന്നാണ് വിവരം.
ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാകൂവെന്ന് ബാദ്ഷാപുർ പൊലീസ് അറിയിച്ചു.
നാരകശ്ശേരി മുഹമ്മദ് ബാഖവി–നഫീസ ദമ്പതികളുടെ മകനാണ് അസ്ലം. ഉവൈസ്, റംല എന്നിവരാണ് സഹോദരങ്ങൾ. അബ്ദുറഹ്മാൻ–പരേതയായ ജമീല ദമ്പതികളുടെ മകളാണ് ഫർഹാന. ഫൗസിയ, ഫൈസൽ എന്നിവരാണ് സഹോദരങ്ങൾ.










