04:41am 25 September 2026
NEWS
തമിഴ് ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാളിത്തിളക്കം
30/01/2026  10:39 AM IST
nila
തമിഴ് ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാളിത്തിളക്കം

ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ തിളങ്ങിയത് മലയാളി നടിമാർ. 2016 മുതൽ 2022 വരെയുള്ള ഏഴു വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ അഞ്ചു വർഷവും മികച്ച നടിക്കുള്ള അവാർഡിന് അർഹരായത് മലയാളി താരങ്ങളാണ്. മറ്റു വിഭാ​ഗങ്ങളിലും മലയാളികൾ പുരസ്കാരങ്ങൾക്ക് അർഹരായിട്ടുണ്ട്. 

2016-ൽ ‘പാമ്പു സട്ടൈ’യിലെ അഭിനയത്തിലൂടെ കീർത്തി സുരേഷ് തുടക്കം കുറിച്ചു. തുടർന്ന് 2017-ൽ ‘അരം’ എന്ന ചിത്രത്തിലൂടെ നയൻതാരയും, 2018-ൽ ‘ചെക്ക ചിവന്ത വാനം’ സിനിമയിലൂടെ ജ്യോതികയും പുരസ്കാരം സ്വന്തമാക്കി. 2019-ൽ വെട്രിമാരൻ സംവിധാനം ചെയ്ത ‘അസുരൻ’ എന്ന ചിത്രത്തിലൂടെ മഞ്ജു വാരിയർ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ തമിഴ് സിനിമയിലൂടെ തന്നെ അവാർഡ് നേടിയത് മഞ്ജുവിന്റെ കരിയറിലെ ശ്രദ്ധേയ നേട്ടമായി. 2020-ൽ ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിലെ അഭിനയത്തിന് അപർണ ബാലമുരളിയും ഈ പട്ടികയിൽ ഇടം നേടി. 2021-ൽ ‘ജയ് ഭീം’ എന്ന ചിത്രത്തിലെ സെങ്കിണി എന്ന കഥാപാത്രത്തിലൂടെ ലിജോ മോളുടെ അഭിനയവും നിരൂപക പ്രശംസ നേടി. 2022-ൽ ‘ഗാർഗി’യിലെ ശക്തമായ പ്രകടനമാണ് സായ് പല്ലവിയെ മികച്ച നടിയായി എത്തിച്ചത്.

2016-ൽ ‘പുരിയാത്ത പുതിർ’ എന്ന ചിത്രത്തിലൂടെ വിജയ് സേതുപതി മികച്ച നടനായി. 2017-ൽ ‘തീരൻ അധികാരം ഒൺട്ര്’ വഴി കാർത്തി പുരസ്കാരം നേടി. 2018-ൽ ‘വട ചെന്നൈ’യിലൂടെ ധനുഷും, 2019-ൽ ‘ഒത്ത സെരുപ്പ് സൈസ്–7’ എന്ന ചിത്രത്തിലൂടെ ആർ. പാർഥിപനും മികച്ച നടനായി. 2020-ൽ ‘സൂരറൈ പോട്ര്’ സിനിമയിലെ അഭിനയത്തിന് സൂര്യയും, 2021-ൽ ‘സർപാട്ട പരമ്പരൈ’യിലെ ശക്തമായ കഥാപാത്രത്തിലൂടെ ആര്യയും, 2022-ൽ ‘താണാക്കാരൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിക്രം പ്രഭുവും പുരസ്കാരം നേടി.

മലയാളികളുടെ സാന്നിധ്യം അഭിനയ പുരസ്കാരങ്ങളിൽ മാത്രമല്ല, മറ്റ് പ്രധാന വിഭാഗങ്ങളിലും വ്യക്തമായി. 2016-ൽ ‘വേലൈനു വന്തിട്ടു വെള്ളക്കാരൻ’ സിനിമയിലെ ഗാനത്തിലൂടെ വൈക്കം വിജയലക്ഷ്മി മികച്ച പിന്നണി ഗായികയായി. അതേ വർഷം ‘ഒരു മുഗത്തിറൈ’ എന്ന ചിത്രത്തിലെ അഭിനയത്തിന് റഹ്മാൻ മികച്ച വില്ലനായി. 2017-ൽ ‘മകളിർ മട്ടും’ സിനിമയിലൂടെ ഉർവശി മികച്ച ഹാസ്യനടിയായി. 2020-ൽ ‘തായ് നിലം’ എന്ന ചിത്രത്തിലെ ‘ആഗായം മേലെ’ ഗാനത്തിന് വർഷാ രഞ്ജിത്തും അംഗീകാരം നേടി.

മികച്ച സിനിമകളുടെ പട്ടികയും ഈ കാലയളവിലെ തമിഴ് സിനിമയുടെ ദിശയെ സൂചിപ്പിക്കുന്നു: മാനഗരം, അരം, പരിയേറും പെരുമാൾ, അസുരൻ, കൂഴാങ്കൾ, ജയ് ഭീം, ഗാർഗി. ഇതോടൊപ്പം ലോകേഷ് കനകരാജ് മുതൽ ഗൗതം രാമചന്ദ്രൻ വരെ വിവിധ തലമുറകളിലെ സംവിധായകർ മികച്ച സംവിധായക പുരസ്കാരം നേടി.

ഫെബ്രുവരി 13-ന് ചെന്നൈയിലെ കലൈവാനർ അരങ്ങിൽ നടക്കുന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പുരസ്കാരങ്ങൾ സമ്മാനിക്കും. മികച്ച നടനും നടിക്കും ഒരു പവൻ സ്വർണ മെഡലും മെമന്റോയും സർട്ടിഫിക്കറ്റും നൽകും. മികച്ച സിനിമകൾക്ക് രണ്ട് ലക്ഷം രൂപയാണ് സമ്മാനത്തുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.