
പുതുവർഷം ആഘോഷിക്കാൻ കേരളം കുടിച്ചുതീർത്തത് 108 കോടി രൂപയുടെ മദ്യം. പുതുവർഷ തലേന്ന് സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 13 കോടി രൂപയുടെ മദ്യമാണ് കൂടുതലായി വിറ്റത്. 2023 പുതുവർഷത്തലേന്ന് കേരളം കുടിച്ചത് 95.69 കോടിയുടെ മദ്യമായിരുന്നു. ഇക്കുറി അത് 108 കോടി രൂപയായി ഉയർന്നു.
പുതുവർഷ തലേന്ന് കൂടുതൽ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്‌ലെറ്റിലാണ്. 92.31 ലക്ഷം രൂപയുടെ മദ്യമാണ് രവിപുരം ഔട്ട്‌ലെറ്റിൽ നിന്നും പുതുവത്സരത്തലേന്ന് വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്‌ലെറ്റിൽ 86.65 ലക്ഷം രൂപയുടെ മദ്യം വിൽപ്പന നടത്തി. മൂന്നാം സ്ഥാനം കൊച്ചി കടവന്ത്ര ഔട്ട്‌ലെറ്റിനാണ്. 79.09 ലക്ഷം രൂപയുടെ മദ്യമാണ് കടവന്ത്രയിൽ വിറ്റത്.
ഇക്കുറി ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി മാത്രം വിറ്റത് 96. 42 കോടിയുടെ മദ്യമാണ്. കഴിഞ്ഞവർഷം ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ 94.77 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. ക്രിസ്മസ്-പുതുവത്സര സീസണിൽ ഇത്തവണ ആകെ വിറ്റത് 712.05 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ക്രിസ്മസ്-പുതുവത്സര സീസണിൽ 697.05 കോടിയുടെ മദ്യമാണ് വിറ്റത്.ഏതാണ്ട് 2.28 കോടിയുടെ അധിക വിൽപ്പനയാണ് ഇത്തവണയുണ്ടായത്.











