09:41pm 25 September 2026
NEWS
മലയാള ശാസ്ത്രസമ്മേളനം സിഫ്റ്റിൽ ആരംഭിച്ചു.ഗവേഷണ അറിവുകൾ മലയാളത്തിലൂടെ പൊതുസമൂഹത്തിലെത്തിക്കാൻ ശാസ്ത്ര സമ്മേളനം
25/09/2026  07:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മലയാള ശാസ്ത്രസമ്മേളനം സിഫ്റ്റിൽ ആരംഭിച്ചു.ഗവേഷണ അറിവുകൾ മലയാളത്തിലൂടെ പൊതുസമൂഹത്തിലെത്തിക്കാൻ ശാസ്ത്ര സമ്മേളനം
HIGHLIGHTS

ഐ.എസ്.ആർ.ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (LPSC) ഡയറക്ടർ എൻ. ജയൻ  ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുന്നു. വേദിയിൽ സിഫ്റ്റിലെ എക്സ്റ്റൻഷൻ, ഇൻഫർമേഷൻ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിവിഷൻ മേധാവിയും പരിപാടിയുടെ കൺവീനറുമായ ഡോ. നികിത  ഗോപാൽ, വിജ്ഞാന ഭാരതി സെക്രട്ടറി ജനറൽ പി. എ. വിവേകാനന്ദ പൈ, ഐ.സി.എ.ആർ–സിഫ്റ്റ് ഡയറക്ടറും സൊസൈറ്റി ഓഫ് ഫിഷറീസ് ടെക്നോളജിസ്റ്റ്സ് പ്രസിഡന്റുമായ ഡോ. ജോർജ് നൈനാൻ,  സ്വദേശി ശാസ്ത്ര പ്രസ്ഥാനം–കേരളം പ്രസിഡന്റ് ഡോ. വി. ശിവകുമാർ, പരിപാടിയുടെ കൺവീനറും  സിഫ്റ്റിലെ  സീനിയർ  സയന്റിസ്റ്റുമായ ഡോ. രമ്യ എസ് എന്നിവർ.

കൊച്ചി: ശാസ്ത്ര-സാങ്കേതിക ഗവേഷണങ്ങളിലെ പുതിയ അറിവുകളും കണ്ടെത്തലുകളും മലയാളത്തിലൂടെ പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മലയാള ശാസ്ത്രസമ്മേളനം 2026 കൊച്ചിയിലെ ഐ.സി.എ.ആർ–സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ (ഐ.സി.എ.ആർ–സിഫ്റ്റ്) ആരംഭിച്ചു. ഐ.സി.എ.ആർ–സിഫ്റ്റ്, സ്വദേശി ശാസ്ത്ര പ്രസ്ഥാനം– കേരളം (SSM-K), ഭാരതീയ ഭാഷാ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്  രണ്ടുദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്.

‘ഗവേഷണ അറിവുകൾ പൊതുസമൂഹത്തിലേക്ക്’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. ശാസ്ത്ര-സാങ്കേതിക മേഖലയിലെ പുതിയ അറിവുകൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിൽ അവതരിപ്പിക്കുകയും മാതൃഭാഷയിലൂടെയുള്ള ശാസ്ത്ര ആശയവിനിമയം ശക്തിപ്പെടുത്തുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

ഐ.എസ്.ആർ.ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (LPSC) ഡയറക്ടർ എൻ. ജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇത്തരം ശാസ്ത്രസമ്മേളനങ്ങൾ യുവതലമുറയിൽ ശാസ്ത്രാവബോധവും ശാസ്ത്രീയ ചിന്തയും വളർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹിരാകാശ ശാസ്ത്രവും സാങ്കേതികവിദ്യയും ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യ മുന്നേറുന്ന സാഹചര്യത്തിൽ, രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ശാസ്ത്രത്തിനുള്ള പ്രാധാന്യം യുവതലമുറ തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. ശാസ്ത്രീയ അറിവുകൾ മലയാളത്തിലൂടെ ജനങ്ങളിലെത്തിക്കുന്നത് ശാസ്ത്രത്തെ കൂടുതൽ ലളിതവും എല്ലാവർക്കും പ്രാപ്യവുമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശാസ്ത്രീയ അറിവുകൾ ലളിതവും എളുപ്പം മനസ്സിലാക്കാവുന്നതുമായ രീതിയിൽ മലയാളത്തിൽ അവതരിപ്പിക്കുന്നതിനും പ്രാദേശിക ഭാഷകളിലൂടെയുള്ള ശാസ്ത്ര ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനും സമ്മേളനം വേദിയാകും. ജൈവസാങ്കേതികവിദ്യ, ആരോഗ്യം, ജൈവോർജം, പരിസ്ഥിതി ശാസ്ത്രം, ജൈവവൈവിധ്യം, മത്സ്യ-ജലശാസ്ത്രം, ഭക്ഷ്യസുരക്ഷ, ഭക്ഷ്യസാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിലെ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള സെഷനുകളും പരിപാടിയുടെ ഭാഗമായി നടക്കും.

ഗവേഷകർ, അധ്യാപകർ, വിദ്യാർഥികൾ, ശാസ്ത്ര ആശയവിനിമയ പ്രവർത്തകർ, ശാസ്ത്ര എഴുത്തുകാർ, വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. വിവിധ സർവകലാശാലകളിൽ നിന്നും ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമുള്ള വിദഗ്ധരും പ്രഭാഷകരും വിവിധ ശാസ്ത്ര വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തും. രണ്ടുദിവസത്തെ സമ്മേളനത്തിൽ നൂറ്റിഇരുപതോളം   പേർ പങ്കെടുക്കുന്നുണ്ട്.

ഐ.സി.എ.ആർ–സിഫ്റ്റ് ഡയറക്ടറും സൊസൈറ്റി ഓഫ് ഫിഷറീസ് ടെക്നോളജിസ്റ്റ്സ് പ്രസിഡന്റുമായ ഡോ. ജോർജ് നൈനാൻ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. വിജ്ഞാന ഭാരതി സെക്രട്ടറി ജനറൽ പി. എ. വിവേകാനന്ദ പൈ, സ്വദേശി ശാസ്ത്ര പ്രസ്ഥാനം– കേരളം പ്രസിഡന്റ് ഡോ. വി. ശിവകുമാർ, സമ്മേളനത്തിന്റെ കൺവീനർമാരായ ഐ.സി.എ.ആർ–സിഫ്റ്റ് എക്സ്റ്റൻഷൻ, ഇൻഫർമേഷൻ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിവിഷൻ മേധാവി ഡോ. നികിത ഗോപാൽ, സിഫ്റ്റിലെ സീനിയർ സയന്റിസ്റ്റ് ഡോ. രമ്യ എസ്. എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img