10:31am 18 January 2026
NEWS
യുദ്ധകാഹളം മുഴങ്ങിയതോടെ
ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു
ഇന്ത്യയിലും വില വര്‍ധന, ജനം ആശങ്കയില്‍

08/01/2020  09:52 AM IST
Keralasabdam Online Desk
ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു
HIGHLIGHTS

വൈറ്റ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് പുറത്തു വരുന്ന വിവരം. അല്‍പസമയത്തിനകം പ്രസിഡന്റ് ട്രംപ് ഔദ്യോഗിക പ്രസ്താവന നടത്തിയേക്കും. കടുത്ത തീരുമാനങ്ങള്‍ ട്രംപില്‍ നിന്നുണ്ടാവുമോ എന്ന ആശങ്കയിലാണ് ലോകം

യുദ്ധകാഹളം മുഴങ്ങിയതോടെ എണ്ണവില കുതിച്ചുയരുന്നു. ഇറാഖിലെ യുഎസ് സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ മിസൈലാക്രമണം നടത്തിയെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ആഗോള വിപണയില്‍ ക്രൂഡോയില്‍ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന്റെ വില 70.71ഡോളര്‍ ആയി കൂടി.  നാല് ശതമാനം വില വര്‍ധനയാണ് ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന് ഉണ്ടായിരിക്കുന്നത്. ഇതിന്റെ പ്രതിഫലനമെന്നോണം ഇന്ത്യയിലും ഇന്ധനവില വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. കൊച്ചിയില്‍ പെട്രോളിന് അഞ്ച് പൈസ കൂടി ലിറ്ററിന് 77.76 ആയി. ഡീസലിന് 12 പൈസ കൂടി 77.76 ആയി. പുതുവര്‍ഷത്തില്‍ മാത്രം പെട്രോളിന് 54 പൈസയും ഡീസലിന് 80 പൈസയുമാണ് കൂടിയത്. രൂപയുടെ മൂല്യത്തകര്‍ച്ചയും എണ്ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.  ഡോളറിനെതിരായ രൂപയുടെ മൂല്യം 72.21 ആയി ഇടിഞ്ഞിരിക്കുകയാണ്. ക്രൂഡോയില്‍ വിലയില്‍ കൂടാതെ ആഗോളതലത്തില്‍ ഓഹരി വിപണികളിലും ഇറാന്‍-യുഎസ് സംഘര്‍ഷം സൃഷ്ടിച്ച സമ്മര്‍ദ്ദം പ്രതിഫലിക്കുന്നുണ്ട്. മിസൈല്‍ ആക്രമണ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ജാപ്പനിലെ ടോക്കിയോ ഓഹരിസൂചികയില്‍ ഇടിവ് രേഖപ്പെടുത്തി. 225 പോയിന്റുകളുടെ ഇടിവാണ് ടോക്കിയോ ഓഹരിസൂചികയിലുണ്ടായത്. മിസൈല്‍ ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് പുറത്തു വരുന്ന വിവരം. അല്‍പസമയത്തിനകം പ്രസിഡന്റ് ട്രംപ് ഔദ്യോഗിക പ്രസ്താവന നടത്തിയേക്കും. കടുത്ത തീരുമാനങ്ങള്‍ ട്രംപില്‍ നിന്നുണ്ടാവുമോ എന്ന ആശങ്കയിലാണ് ലോകം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img