ഇതാണ് പറ്റിയമാസം, ഓഫറുകള്‍ നിരവധി
പക്ഷേ, ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം

മാര്‍ച്ച് 31നുശേഷം അത്തരം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യാനാകില്ലെന്നതിനാല്‍ സ്റ്റോക്ക് ബാക്കിയാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള കഠിനശ്രമത്തിലാണു കമ്പനികള്‍. മിക്കവാറും ഈ മാസം കഴിയുമ്പോള്‍ പല ജനപ്രിയ മോഡലുകളും സ്റ്റോക്ക് ഇല്ലാതെ വരുമെന്നാണു കമ്പനികള്‍ നല്‍കുന്ന സൂചന
കാര്‍ വാങ്ങാന്‍ ഏറ്റവും മികച്ച മാസം ഡിസംബര്‍ ആണെന്ന് കാര്‍ നിര്‍മാതാക്കളും ഡീലര്‍മാരും പറയുന്നു. ഇപ്പോള്‍ ഓഫറുകളുടെ പൂക്കാലമാണെന്നുമാത്രമല്ല, അടുത്ത മാസം വില കൂടുകയും ചെയ്യും. എല്ലാ വര്‍ഷവും ഡിസംബറില്‍ ഓഫറുണ്ടാകുമെങ്കിലും ഇക്കുറി അതിന്റെ തോത് വളരെ കൂടുതലാണ്. ബിഎസ്-4 മാനദണ്ഡം പാലിക്കുന്ന മോഡലുകള്‍ വിറ്റുതീര്‍ക്കാനുള്ള ശ്രമമാണ് ഇക്കുറി ഓഫര്‍ കൂടാനുള്ള മുഖ്യകാരണം. മലിനീകരണത്തോത് ഇപ്പോഴത്തേതിന്റെ പകുതിയിലും താഴെയെത്തിക്കുന്ന ബിഎസ്-6 മാനദണ്ഡം പാലിക്കുന്ന വാഹനങ്ങളേ അടുത്ത ഏപ്രില്‍ 1 മുതല്‍ വില്‍ക്കാനും റജിസ്റ്റര്‍ ചെയ്യാനുമാകൂ. അതുകൊണ്ട് ഇപ്പോഴത്തെ ബിഎസ്-4 മോഡലുകളുടെ ഉല്‍പാദനം ഈ മാസമോ അടുത്തമാസമോ അവസാനിപ്പിക്കും. മാര്‍ച്ച് 31നുശേഷം അത്തരം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യാനാകില്ലെന്നതിനാല്‍ സ്റ്റോക്ക് ബാക്കിയാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള കഠിനശ്രമത്തിലാണു കമ്പനികള്‍. മിക്കവാറും ഈ മാസം കഴിയുമ്പോള്‍ പല ജനപ്രിയ മോഡലുകളും സ്റ്റോക്ക് ഇല്ലാതെ വരുമെന്നാണു കമ്പനികള്‍ നല്‍കുന്ന സൂചന. ദേശീയ തലത്തില്‍, ഉല്‍സവ കാലമായ ഒക്ടോബറിലും നവംബറിലും മികച്ച വില്‍പന നേടാനായിരുന്നു. കമ്പനികള്‍ ഡീലര്‍ഷിപ്പുകളിലേക്കുള്ള സ്റ്റോക്ക് കുറയ്ക്കുന്നതിനാല്‍ മൊത്ത വില്‍പന കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണെങ്കിലും കാര്‍ വാങ്ങുന്ന ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചു. കേരളത്തില്‍ ഈ മാസം ഓണമാസത്തെക്കാള്‍ മികച്ച വില്‍പനയുണ്ടാകുമെന്നാണു പ്രതീക്ഷ. ബാങ്കുകള്‍ വായ്പ നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ സജീവമായതും കാരണമാണ്. തിരിച്ചടവുശേഷിയും വിശ്വാസ്യതയും സംബന്ധിച്ച ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് വായ്പ കിട്ടാനിപ്പോള്‍ പ്രയാസമില്ല. ഇന്‍ഷുറന്‍സും ആക്‌സസറികളുടെ വിലയുമൊക്കെച്ചേര്‍ത്ത് വായ്പ നല്‍കുന്ന പദ്ധതികളുമുണ്ട്. മികച്ച ഓഫറുകളുണ്ടെങ്കിലും ചില ഉപയോക്താക്കള്‍ മാര്‍ച്ച് ആകാന്‍ കാത്തിരിക്കുന്നതായാണു ഡീലര്‍മാരുടെ നിരീക്ഷണം. ബിഎസ്-4 കാറുകളുടെ സ്റ്റോക്ക് പൂര്‍ണമായും വിറ്റഴിക്കാന്‍ ഇതിലും വലിയ ഓഫറുകള്‍ കിട്ടുമെന്ന പ്രചാരണമാണു കാരണം. എന്നാല്‍, അതിനു മുന്‍പുതന്നെ ബിഎസ്-4 സ്റ്റോക്ക് തീരുമെന്നതിനാല്‍ ഈ കാത്തിരിപ്പു ഗുണം ചെയ്യില്ലെന്നും ആഗ്രഹിച്ച മോഡലുകള്‍ കിട്ടാന്‍ തന്നെ സാധ്യതയില്ലെന്നും കമ്പനികള്‍ വിശദീകരിക്കുന്നു.
Photo Courtesy - Google












