06:47pm 30 April 2026
NEWS
ഒരു കൂട്ടം യൂട്യൂബേഴ്സ് ജീവിക്കാൻ അനുവദിക്കുന്നില്ല; മുഖ്യമന്ത്രിയോട് സഹായം അഭ്യർത്ഥിച്ച് നടി രേഖ രതീഷ്
16/02/2026  09:15 PM IST
nila
ഒരു കൂട്ടം യൂട്യൂബേഴ്സ് ജീവിക്കാൻ അനുവദിക്കുന്നില്ല; മുഖ്യമന്ത്രിയോട് സഹായം അഭ്യർത്ഥിച്ച് നടി രേഖ രതീഷ്

തിരുവനന്തപുരം: കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നതായി വെളിപ്പെടുത്തി മലയാളം സീരിയൽ നടി രേഖ രതീഷ് പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ചില യൂട്യൂബ് ചാനലുകളുടെയും യൂട്യൂബേഴ്സിന്റെയും നിരന്തര ഇടപെടലുകളും ആരോപണങ്ങളുമാണ് തനിക്കെതിരെ മാനസിക പീഡനമായി മാറിയതെന്ന് നടി വിഡിയോയിൽ പറയുന്നു.

തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം ഇത്തരക്കാർക്കായിരിക്കുമെന്ന ഗൗരവമായ മുന്നറിയിപ്പും രേഖ വിഡിയോയിൽ ഉന്നയിക്കുന്നു. കഴിഞ്ഞ ഒൻപത് മാസമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കേണ്ടി വന്ന അവസ്ഥയാണെന്നും, നിലവിൽ ജോലി ഇല്ലാതെ ഫ്ലാറ്റിൽ കഴിയുകയാണെന്നും രേഖ വ്യക്തമാക്കുന്നു.

ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഒരു മകൻ മാത്രമാണ് തനിക്കുള്ളതെന്നും, അവന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ തന്നെയാണ് ഏറ്റവും കൂടുതൽ അലട്ടുന്നതെന്നും നടി പറയുന്നു. “ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് ഞാൻ,” എന്നാണ് രേഖയുടെ വാക്കുകൾ. സർക്കാരും ബന്ധപ്പെട്ട അധികാരികളും വിഷയത്തിൽ ഇടപെട്ട് സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് രേഖ രതീഷ് വിഡിയോ അവസാനിപ്പിക്കുന്നത്. 

കഴിഞ്ഞ ദിവസം രേഖ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോ വൈറലായിരുന്നു. ‘‘എന്റെ ജീവിതത്തിൽ ഇന്ന് ഞാൻ ഏറ്റവും വലിയ ഒരു തീരുമാനമെടുക്കുകയാണ്. എന്റെ ജീവിതത്തിലൂടെ കടന്നു പോയ കാര്യങ്ങൾ എല്ലാവർക്കും അറിയാം, വേദനയും നിശബ്ദതയും, ഒരുപാട് ചോദ്യങ്ങളും. ഇനി വരുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ തീരുമാനം’’ എന്നാണ് രേഖ രതീഷ് ആ റീലിൽ പറയുന്നത്. പിന്നാലെ നടനും സുഹൃത്തുമായ ഈശ്വറുമായി താരം വിഡിയോ കോളിൽ സംസാരിക്കുന്നതും വിഡിയോയിൽ കാണാം. 

‘എ ന്യൂ ചാപ്റ്റർ’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പുറത്തിറക്കിയത്. എന്നാൽ ഈ വിഡിയോയ്ക്കു താഴെ ചിലർ നെഗറ്റീവ് കമന്റുകളുമായി എത്തിയിരുന്നു. രേഖ അഞ്ചാം വിവാഹം കഴിക്കുകയാണെന്നും, സാമ്പത്തിക ലക്ഷ്യം വച്ചാണ് പുതിയ ബന്ധമെന്നുമൊക്കെ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് താരം തന്നെ രക്ഷിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

രേഖ വീഡിയോയിൽ പറയുന്നത് ഇങ്ങനെ: 
 
‘‘പ്രിയപ്പെട്ട സർക്കാർ, പിണറായി വിജയൻ സാറിന്, എന്റെ പേര് രേഖ രതീഷ്. ഞാൻ മലയാളം സീരിയൽ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുന്നൊരു മകൻ എനിക്കുണ്ട്. കഴിഞ്ഞ ഒൻപത് മാസമായി ജോലിയില്ലാതെ എന്റെ ഫ്ലാറ്റിൽ തന്നെ കഴിയുകയാണ്. മൂന്ന് മാസത്തോളമായി ഒരു കൂട്ടം യൂട്യൂബേഴ്സ് മോശം ക്യാപ്ഷനുകൾ കൊടുത്ത് എന്നെപ്പറ്റി വിഡിയോ പോസ്റ്റ് ചെയ്യുകയാണ്. ഇവരെല്ലാവരും എന്നെ ജീവിക്കാൻ അനുവദിക്കാതെ സമ്മർദത്തിലാക്കുകയാണ്. 

ഇത്രയും മാനസിക സമ്മർദം എനിക്ക് താങ്ങാനാവുന്നില്ല. ഇത്തരം ആക്രമണങ്ങളുടെ ഫലമായി നമ്മുടെ കേരളത്തിൽ ഒരുപാട് ജീവനുകൾ പൊലിഞ്ഞ് പോവുന്നുണ്ട്. മകനുവേണ്ടി കഷ്ടപ്പെട്ട് ജീവിക്കാൻ ശ്രമിക്കുന്ന സ്ത്രീയാണ് ഞാൻ. 

എന്നാൽ യൂട്യൂബേഴ്സ് കാരണം മുന്നോട്ട് ജീവിക്കാനുള്ള ശേഷി നഷ്ടപ്പെടുകയാണ്. മാനസികമായ സമ്മർദം കാരണം ജീവിക്കാൻ പറ്റുന്നില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം എന്നെ തേജോവധം ചെയ്യുന്ന യൂട്യൂബേഴ്സായിരിക്കും എന്ന് അറിയിക്കാനാണ് ഈ വിഡിയോ. ഇതുകൊണ്ടെങ്കിലും ഇത്തരം കാര്യങ്ങൾ ഇവിടെ അവസാനിക്കണം.

എന്നെ മാത്രമല്ല, ഇതേ ഫീൽഡിലെ നിരവധി പേരെ ഇതുപോലെ അപമാനിക്കുകയാണ്. അവരെ ചൂഷണം ചെയ്യുകയാണ് ഇവർ. ദയവ് ചെയ്ത് മുഖ്യമന്ത്രി ഇതിനെതിരെ ശക്തമായ നടപടി എടുക്കണം. എനിക്കു വേണ്ടി മാത്രമല്ല, ഇനിയുള്ള സഹോദരന്മാർക്കും സഹോദരിമാർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകരുത്. സർക്കാർ ഇതിൽ ഒരു തീരുമാനമെടുത്ത് ഞങ്ങളെ രക്ഷിക്കണം’’.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img