
കാസർകോട്: കർണാടകയിൽ മലയാളി ബാങ്ക് ജീവനക്കാരിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ പ്രതിശ്രുത വരനെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി. അമൽ ആണ് എറണാകുളത്തെ ഹോട്ടൽ മുറിയിൽ മരിച്ചത്. എറണാകുളത്ത് ജോലി ചെയ്തുവരികയായിരുന്നു അമൽ.
കാസർകോട് പൂച്ചക്കാട് കിഴക്കേക്കരയിലെ തയ്യിൽ വീട്ടിൽ ചന്ദ്രന്റെ മകൾ പി. അനുശ്രീ (24)യെ ആണ് നേരത്തെ കർണാടകയിലെ എസ്‌ബിഐ ഇൻസൂർ ശാഖയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും വിവാഹം ഡിസംബർ 26ന് നിശ്ചയിച്ചിരുന്നതായിരുന്നു.
അനുശ്രീയുടെ മരണത്തിന് പിന്നാലെയാണ് അമലിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുൻപ് ഇരുവരും വീഡിയോ കോളിൽ സംസാരിച്ചിരുന്നതായും വിവരമുണ്ട്.
സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അനുശ്രീയുടെ മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത ലഭിച്ചിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.










