01:37pm 30 August 2026
NEWS
10 കോടിയിലധികം രൂപയുടെ എംഡിഎംഎയുമായി മൂന്നു പേർ മലപ്പുറം പൊലീസിന്റെ പിടിയിൽ
29/08/2026  06:07 PM IST
nila
10 കോടിയിലധികം രൂപയുടെ എംഡിഎംഎയുമായി മൂന്നു പേർ മലപ്പുറം പൊലീസിന്റെ പിടിയിൽ

മഞ്ചേരി: കേരളത്തിനകത്തും പുറത്തും വേരുകളുള്ള വൻ ലഹരിക്കടത്ത് സംഘത്തിലെ മൂന്ന് പേർ മഞ്ചേരി പോലീസിന്റെ പിടിയിൽ. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരെയാണ് കോയമ്പത്തൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും മഞ്ചേരി ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘവും ജില്ലാ ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് നടപടി.

ആഴ്ചകൾക്ക് മുൻപ് മഞ്ചേരി ടൗണിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ 100 ഗ്രാമത്തോളം എംഡിഎംഎയുമായി ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്.

തുടർന്നുള്ള അന്വേഷണത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ എംഡിഎംഎ ശേഖരിച്ച് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിച്ചു.

ആഡംബര വാഹനങ്ങളിൽ രഹസ്യ അറകൾ

ആഡംബര വാഹനങ്ങളിൽ പ്രത്യേക രഹസ്യ അറകൾ നിർമിച്ച് അതിനുള്ളിൽ ലഹരിമരുന്ന് ഒളിപ്പിച്ച് കടത്തുന്നതായിരുന്നു സംഘത്തിന്റെ രീതിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. തമിഴ്നാട്ടിലെ കോയമ്പത്തൂർ, പഴനി, കൊടൈക്കനാൽ എന്നിവിടങ്ങളാണ് സംഘത്തിന്റെ പ്രധാന ഇടത്താവളങ്ങളെന്നും പോലീസ് കണ്ടെത്തി.

തിരക്കേറിയ നഗരകേന്ദ്രങ്ങളിൽ ലഹരിയിടപാടുകൾ നടത്തുന്നതായി വ്യക്തമായതോടെ ഇടനിലക്കാരെ ഉൾപ്പെടെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോയമ്പത്തൂർ ടൗണിന് സമീപത്തുനിന്ന് മൂന്ന് പ്രതികളെ പിടികൂടിയത്.

ഇന്നോവയുടെ ഡോറിനുള്ളിൽ ഒളിപ്പിച്ച എംഡിഎംഎ

പ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഇന്നോവ കാറിന്റെ ഡോർ പാടിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനായി 100 ഗ്രാം മുതൽ 500 ഗ്രാം വരെ അളവിലുള്ള പാക്കറ്റുകളാക്കി എംഡിഎംഎ സൂക്ഷിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. കേരളത്തിലും തമിഴ്നാട്ടിലും യുവാക്കൾക്കിടയിൽ ചില്ലറ വിൽപ്പന നടത്തുന്നതിനായി എത്തിച്ച 10 കോടിയിലധികം രൂപയുടെ എംഡിഎംഎയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

എംഡിഎംഎയുടെ ഉറവിടം കണ്ടെത്തുന്നതിനും സംഘവുമായി ബന്ധപ്പെട്ട കൂടുതൽ കണ്ണികളെ കണ്ടെത്തുന്നതിനുമായി അന്വേഷണം തുടരുകയാണ്.

പെരിന്തൽമണ്ണ ഡിവൈഎസ്പി ഗോപകുമാർ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എൻ.ഒ. സിബി, മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബു, മഞ്ചേരി ഇൻസ്പെക്ടർ ദിലീപ്, മഞ്ചേരി സ്റ്റേഷനിലെ എഎസ്ഐ മുഹമ്മദാലി, തൗഫീഖ് മുബാറക്ക്, പ്രദീപ്കുമാർ എന്നിവരും ജില്ലാ ഡാൻസാഫ് സ്ക്വാഡും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img