03:14pm 03 September 2026
NEWS
മലപ്പുറത്ത് വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്
06/03/2025  04:50 PM IST
nila
മലപ്പുറത്ത് വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്

മലപ്പുറം: താനൂരിൽ പ്ലസ്ടു വിദ്യാർത്ഥിനികളെ കാണാതായി 24 മണിക്കൂർ കഴിഞ്ഞിട്ടും പെൺകുട്ടികളെ കുറിച്ച് സൂചനകളൊന്നുമില്ല. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ശേഷമാണ് താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്‌കൂളിലെ ഫാത്തിമ ഷഹദ, അശ്വതി എന്നിവരെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് നിർണായക വിവരം ലഭിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കാണാതാകുന്നതിന് മുമ്പ് ഒരേ നമ്പറിൽ നിന്ന് രണ്ടുപേരുടെയും ഫോണിലേയ്ക്ക് കോൾ വന്നിരുന്നെന്ന് താനൂർ സിഐ വ്യക്തമാക്കി. 

കുട്ടികളുടെ കോൾ റെക്കാഡുകൾ വിശദമായി പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടികളുടെ ടവർ ലൊക്കേഷൻ നിലവിൽ കോഴിക്കോടാണ്. ഇവരുടെ ഫോണിലേയ്ക്ക് കോൾ വന്നത് എടവണ്ണ സ്വദേശിയുടെ പേരിൽ രജിസ്റ്റർ ചെയ്ത സിം കാർഡിൽ നിന്നാണെന്ന് കണ്ടെത്തി. ഈ നമ്പറിന്റെ ലൊക്കേഷൻ നിലവിൽ മഹാരാഷ്ട്രയാണെന്നും താനൂർ സിഐ ടോണി ജെ മറ്റം പറഞ്ഞു.

സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ രണ്ടു പെൺകുട്ടികളും പരീക്ഷയ്‌ക്കെത്താതായതോടെ അധ്യാപിക വീട്ടിലേക്ക് വിളിക്കുകയായിരുന്നു. തുടർന്നാണ് പൊലീസിൽ വിവരമറിയിച്ചത്. ഇവർ കോഴിക്കോട് ഭാഗത്തേക്ക് പോയതായി സൂചന ലഭിച്ചിരുന്നു. ഈ ഭാഗത്ത് തെരച്ചിൽ നടത്തി. ഇന്നലെ താനൂർ റെയിൽവേ സ്റ്റേഷനിലും കോഴിക്കോട് റെയിൽവേ സ്റ്റേഷനിലുമടക്കം കുട്ടികളുടെ ലൊക്കേഷൻ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫാണ്. കോഴിക്കോട് വച്ചാണ് ഫോണുകൾ സ്വിച്ച് ഓഫായത്. ഇരുവരും കോഴിക്കോട് തന്നെയുണ്ടാകും എന്ന നിഗമനത്തിലാണ് അന്വേഷണമെന്നും പൊലീസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img