08:00pm 19 October 2026
NEWS
മന്ത്രവാദ ചികിത്സയുടെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പെൺകുട്ടിയുടെ അമ്മയുമായി ഒളിച്ചോടി; ജിലാനി തങ്ങൾ അറസ്റ്റിൽ
17/10/2026  09:05 AM IST
nila
മന്ത്രവാദ ചികിത്സയുടെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പെൺകുട്ടിയുടെ അമ്മയുമായി ഒളിച്ചോടി; ജിലാനി തങ്ങൾ അറസ്റ്റിൽ

മലപ്പുറം: എടവണ്ണയിൽ മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ജിലാനി തങ്ങൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കുണ്ടുതോട് സ്വദേശി ജസീലിനെയാണ് എടവണ്ണ പൊലീസും നിലമ്പൂർ സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.

ചികിത്സയ്ക്കായി എത്തിയ പെൺകുട്ടിയുടെ മാതാവുമായി സൗഹൃദം സ്ഥാപിച്ച പ്രതി, ഈ ബന്ധം മുതലെടുത്ത് മകളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. മന്ത്രവാദ ചികിത്സ നൽകാമെന്ന് വിശ്വസിപ്പിച്ച് 17കാരിയെ എടവണ്ണ കുണ്ടുതോടുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പീഡനത്തിന് ഇരയാക്കിയതെന്നാണ് കേസ്.

കഴിഞ്ഞ ഓഗസ്റ്റിൽ പ്രതി പെൺകുട്ടിയുടെ മാതാവിനൊപ്പം നാടുവിട്ടതോടെയാണ് സംഭവം കൂടുതൽ ശ്രദ്ധ നേടിയത്. പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവം ബന്ധുക്കളോട് വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിനുശേഷം പ്രതിയും പെൺകുട്ടിയുടെ മാതാവും രണ്ടു മാസത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്നു. കേരള–കർണാടക അതിർത്തിയിലെ ആനക്കല്ല് പ്രദേശത്ത് ഇരുവരും ഒളിവിൽ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കാസർകോട്ടെത്തിയ എടവണ്ണ പൊലീസ് സംഘവും നിലമ്പൂർ സ്‌ക്വാഡും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മന്ത്രവാദ ചികിത്സയുടെ മറവിൽ പ്രതി മറ്റു വ്യക്തികളെയും സമാനമായ രീതിയിൽ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img