
മലപ്പുറത്ത് വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. അസ്മ വീട്ടിൽ പ്രസവിക്കുന്ന സമയത്ത് ഫാത്തിമയായിരുന്നു സഹായിയായി ഉണ്ടായിരുന്നത്. അസ്മയുടെ ഭർത്താവ് സിറാജുദ്ദീനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആശുപത്രിയിൽ പോയി പ്രസവിക്കാൻ സിറാജുദ്ദീൻ സമ്മതിക്കാത്തതിനാലാണ് അസ്മ വീട്ടിൽ പ്രസവം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാർന്ന് അസ്മ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രസവത്തിൽ അസ്മ മരിച്ചതിനാൽ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാൽ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്.
മടവൂൽ ഖാഫിലയെന്ന യൂട്യൂബ് ചാനലിലൂടെ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചിരുന്ന വ്യക്തിയാണ് സിറാജുദ്ദീൻ. വെറും ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഇയാൾക്കുള്ളത്. സംസാരിക്കാനുള്ള കഴിവിലൂടെയാണ് ഇയാൾ പലരിലും അന്ധവിശ്വാസങ്ങൾ അടിച്ചേൽപ്പിച്ചിരുന്നത്. വീട്ടു പ്രസവങ്ങളെ ന്യായീകരിക്കുന്ന പ്രഭാഷണങ്ങളുടെ സ്ഥിരം കേൾവിക്കാരൻ ആയിരുന്നു സിറാജുദ്ദീൻ.











