
മലപ്പുറത്ത് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ശക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി 19 കേന്ദ്രങ്ങളിൽ എൻഐഎ സംഘം പരിശോധന നടത്തി. റെയ്ഡിനിടെ അന്വേഷണത്തിന് നിർണായകമായ ഡിജിറ്റൽ ഉപകരണങ്ങളും വിവിധ രേഖകളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു.
ലൈസൻസില്ലാതെ വൻതോതിൽ സ്ഫോടകവസ്തുക്കൾ കടത്തുകയും സംഭരിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസാണിതെന്നും ദേശീയ സുരക്ഷയെ ഗുരുതരമായി ബാധിക്കാവുന്ന സാഹചര്യമുള്ളതിനാലാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തതെന്നും അധികൃതർ വ്യക്തമാക്കി.
റെയ്ഡുകളിൽ നിന്ന് 448 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 89,600 ജെലാറ്റിൻ സ്റ്റിക്കുകളും 35 പെട്ടികളിലായി ഉണ്ടായിരുന്ന 10,500 നോൺ-ഇലക്ട്രിക് ഡിറ്റണേറ്ററുകളും കണ്ടെത്തി. ഇത്രയും വലിയ അളവിൽ സ്ഫോടകവസ്തുക്കൾ എത്തിച്ചതിന് പിന്നിലെ ലക്ഷ്യവും ഇതുമായി ബന്ധപ്പെട്ട മറ്റ് പ്രതികളെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് എൻഐഎ അറിയിച്ചു.
കേസിൽ ഇതുവരെ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ പരിശോധനകളിലും കൂടുതൽ ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.
ഫെബ്രുവരി 7-ന് ചെമ്മാട് പ്രദേശത്ത് ലോറിയിൽ നിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടിയ സംഭവമാണ് അന്വേഷണത്തിന് തുടക്കമായത്. ഉള്ളി ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. തുടർന്ന് തിരൂരങ്ങാടിയിലെ ഒരു ഹോളോബ്രിക്സ് ഗോഡൗണിലും വണ്ടൂരിലെ വിവിധ കേന്ദ്രങ്ങളിലുമാണ് എൻഐഎ പരിശോധന നടത്തിയത്.
ലോറി ഉടമയുടെ മൂന്നാം ഭാര്യയുടെ വണ്ടൂരിലെ വസതിയിലും സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി അന്വേഷണം തുടരുകയാണ്.










