
നിലമ്പൂർ: വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപ്പന നടത്തിയെന്ന കേസിൽ മമ്പാട് കോളേജിലെ അധ്യാപകനടക്കം നാലുപേരെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. മോങ്ങം അരിമ്പ്ര സ്വദേശിയും മമ്പാട് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപകനുമായ സുഹൈൽ പെരിങ്ങോടനാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം റീന ടി.എൻ, വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ സബ് ഇൻസ്പെക്ടർ അർഷിദ് കെ.എം നടത്തിയ പരിശോധനയിലാണ് ആദ്യം സുബ്രഹ്മണ്യനിൽ നിന്ന് 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലും അന്വേഷണത്തിലുമാണ് മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
അധ്യാപകനായ സുഹൈൽ പെരിങ്ങോടൻ വിവേകിനും റീനയ്ക്കും സ്ഥിരമായി എംഡിഎംഎ എത്തിച്ച് നൽകിയിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം വ്യാപിപ്പിച്ചു. കോളേജിലെ വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും ഉൾപ്പെടെ ഇയാൾ വ്യാപകമായി എംഡിഎംഎ വിൽപ്പന നടത്തിയിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ.
കഴിഞ്ഞ മൂന്ന് വർഷമായി മമ്പാട് കോളേജിൽ അധ്യാപകനായി ജോലി ചെയ്തുവരികയാണ് സുഹൈൽ. കൊണ്ടോട്ടി, മഞ്ചേരി മേഖലകളിൽ നിന്നുള്ള മൊത്ത വിതരണക്കാരിൽ നിന്ന് എംഡിഎംഎ വാങ്ങി മറ്റുള്ളവർക്ക് വിൽക്കാറുണ്ടായിരുന്നുവെന്ന് ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സ്ഥിരമായി എംഡിഎംഎ ഉപയോഗിച്ചിരുന്നതായും അധ്യാപകൻ സമ്മതിച്ചതായാണ് വിവരം.
നിലമ്പൂർ ഡിവൈഎസ്പി റഫീക്ക് കെ.യുടെ നിർദേശപ്രകാരം നിലമ്പൂർ സർക്കിൾ ഇൻസ്പെക്ടർ ഷൈജു എൻ.ബിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. നിലമ്പൂർ സ്ക്വാഡ് അംഗങ്ങളായ സാബിറലി പി., സജീഷ് പി., സജീഷ്, സി.കെ. കൃഷ്ണദാസ് എം. എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എംഡിഎംഎ എത്തിച്ചുനൽകിയിരുന്ന വിതരണക്കാരെ കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.










