
മലപ്പുറം: സീലിങ് ഫാനിന് തീപിടിച്ച് കട്ടിലിലേക്ക് പൊട്ടിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തിരുവാലി കൊളക്കാട്ടിരിയിലെ ഫാമിൽ ജോലി ചെയ്യുന്ന എറണാകുളം കാലടി സ്വദേശി സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്.
ഫാമിലെ ജീവനക്കാർക്കായി ഒരുക്കിയ ക്വാർട്ടേഴ്സിലായിരുന്നു സജീവും ഭാര്യയും കുഞ്ഞും താമസിച്ചിരുന്നത്. രാവിലെ കുഞ്ഞിനെ കട്ടിലിൽ ഉറക്കിക്കിടത്തിയ ശേഷം മാതാപിതാക്കൾ ജോലിക്കായി പുറത്തേക്ക് പോയിരുന്നു. ഇതിനിടെയാണ് കിടപ്പുമുറിയിൽ അഗ്നിബാധയുണ്ടായത്.
ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് സീലിങ് ഫാനിന് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. തീപിടിച്ച ഫാൻ കട്ടിലിലേക്ക് പൊട്ടിവീഴുകയായിരുന്നു. തുടർന്ന് കട്ടിലും കിടക്കയും ഉൾപ്പെടെ മുറിയിലെ സാധനങ്ങൾ കത്തിനശിച്ചു.
വീട്ടിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മാതാപിതാക്കളും സമീപവാസികളും ഓടിയെത്തി. എന്നാൽ അപ്പോഴേക്കും തീ മുറിയിൽ ആളിപ്പടർന്നിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കുഞ്ഞിനെ ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പരിശോധനകൾ തുടരുകയാണ്.










