11:55pm 21 June 2026
NEWS
ലഹരി ശൃംഖലയുടെ വേരറുക്കണം, സർക്കാരിന്റെ ഓപ്പറേഷൻ തൂഫാന് പിന്തുണ മലങ്കരസഭ
05/06/2026  06:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലഹരി ശൃംഖലയുടെ വേരറുക്കണം, സർക്കാരിന്റെ ഓപ്പറേഷൻ തൂഫാന് പിന്തുണ  മലങ്കരസഭ

കോട്ടയം : ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് കേരള സമൂഹത്തെ രക്ഷിക്കുവാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പൂർണ പിന്തുണ വാ​ഗ്​ദാനം ചെയ്തു. ദൗത്യം പ്രഖ്യാപിച്ച ശേഷം കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി റെയ്ഡുകൾ സംബന്ധിച്ച നിരവധി വാർത്തകളാണ് പുറത്തു വരുന്നത്. വിദേശപൗരൻമാരടക്കം പിടിയിലാകുന്നു. അന്തർ സംസ്ഥാന പോലീസ് സേനയുമായി സഹകരിച്ചും ലഹരിക്കടത്തുകാരെ അറസ്റ്റ് ചെയ്യുന്നു. നമ്മുടെ നാട്ടിലേക്ക് ഒഴുകുന്ന ലഹരിവസ്തുക്കളുടെ അളവ് ഭയപ്പെടുത്തുന്നതാണ്. ഉറവിടത്തെ കണ്ടെത്തി ഉൻമൂലനം ചെയ്യുമെന്നാണ് ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ.രമേശ് ചെന്നിത്തല വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിയാകുന്നതിന് മുൻപ് അദ്ദേഹം ലഹരിക്കെതിരായ കേരളയാത്ര നടത്തിയിരുന്നു. നാടിന്റെ അപകടരമായ സ്ഥിതി നേരിട്ട് ബോധ്യപ്പെട്ട ശേഷമാണ് ചരിത്രപരമായ ദൗത്യത്തിനായി അദ്ദേഹവും സർക്കാരും മുന്നിട്ടിറങ്ങിയിരിക്കുന്നത്. ലഹരിമാഫിയക്കെതിരെ  വിവരം നൽകുവാൻ തൂഫാൻ ഇന്റലിജൻസ് ടീം രൂപീകരിച്ചത് പൊതുജനങ്ങൾക്ക് സഹായകമാകും. സമൂഹത്തെ കാർന്നുതിന്നുന്ന മഹാവ്യാധിക്കെതിരെയുള്ള പോരാട്ടത്തിൽ മലങ്കരസഭയും അണിചേരുന്നു. സഭയുടെ പള്ളികളിലും,  വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കും. നമ്മുടെ ഭാവി തലമുറയ്ക്ക് വേണ്ടി ഓപ്പറേഷൻ തൂഫാനൊപ്പം കേരളസമൂഹം ഒന്നടങ്കം അണിനിരക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സഭയുടെ മാധ്യമവിഭാ​ഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ പ്രതികരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img